Football in Malayalam

മെസിയുടെ കരാർ പുതുക്കൽ ബാഴ്‌സലോണക്ക് അനിവാര്യമെന്ന് 65 ശതമാനം ക്ലബ് അംഗങ്ങൾ, അല്ലെന്ന് 30 ശതമാനം

Gokul Manthara
Osasuna v FC Barcelona - La Liga Santander
Osasuna v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈ വർഷം ജൂണിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബിൽ തുടരുമോ അതോ പുതിയ തട്ടകത്തിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ ഇതു വരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണയുടെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോവൻ ലപ്പോർട്ട വിജയിച്ചതോടെ മെസി ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ടെങ്കിലും, താരമോ, ക്ലബ്ബോ ഇതു‌വരെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മെസി ബാഴ്സലോണക്ക് സമ്മാനിച്ച നേട്ടങ്ങൾക്ക് കൈയ്യും കണക്കുമില്ല. എങ്കിലും മെസിയുമായി ക്ലബ്ബ് പുതിയ കരാറിൽ ഒപ്പുവെക്കുന്നതിനോട് ക്ലബ്ബിലെ മുപ്പത് ശതമാനം അംഗങ്ങൾക്കും താല്പര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു കറ്റാലൻ മാധ്യമം നടത്തിയ വോട്ടെടുപ്പിലെ ഫലം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രശസ്ത കറ്റാലൻ മാധ്യമമായ ടിവി3 ആണ് മെസിയുടെ കരാർ പുതുക്കൽ ക്ലബ്ബിന് അനിവാര്യമാണോയെന്ന കാര്യത്തിൽ ക്ലബ്ബ് അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയത്. ഇതിൽ പങ്കെടുത്ത 65.7 ശതമാനം ആൾക്കാർ മെസിയുടെ പുതുക്കൽ ക്ലബ്ബിന് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 30.7 ശതമാനം പേർ ഇതിനോട് വിയോജിക്കുകയായിരുന്നു.

ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലെ നവീകരണ ജോലികൾ വേഗത്തിലാക്കാൻ ബാഴ്സലോണ, സ്റ്റേഡിയം ഒളിമ്പിക്കിലേക്ക് താൽക്കാലികമായി മാറണമോയെന്ന ചോദ്യവും ക്ലബ്ബ് അംഗങ്ങളോട് ടിവി 3 ആരാഞ്ഞു. ഈ പോളിൽ പങ്കെടുത്ത 64.2 ശതമാനം പേരും ഇത്തരത്തിൽ മറ്റൊരു ഗ്രൗണ്ടിൽ ക്ലബ്ബ് കളിക്കുന്നതിനെ അനുകൂലിച്ചു.

facebooktwitterreddit