റൊണാൾഡോക്ക് പുതിയ ക്ലബ്ബ് കണ്ടെത്താനാകാതെ ഏജന്റ്; താരത്തിന് ഇനിയും പി എസ് ജിയിലേക്ക് ചേക്കേറാൻ കഴിയുമെന്ന് സൂചന

യുവന്റസുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം ആരംഭിച്ച സമയത്ത് താരത്തിന്റെ അടുത്ത തട്ടകമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെയായിരുന്നു. എന്നാൽ ലയണൽ മെസി അങ്ങോട്ടേക്ക് ചേക്കേറിയതിന് ശേഷം റൊണാൾഡോയുടെ ഫ്രഞ്ച് ക്ലബിലേക്കുള്ള ട്രാൻസ്ഫറിന്റെ സാധ്യതകൾ അവസാനിച്ചെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.
പിഎസ്ജിയിലേക്ക് റൊണാൾഡോ പോകാനുള്ള സാധ്യതകൾ അവസാനിച്ചെന്നും ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ഇനി ചേക്കേറാൻ സാധ്യതയുള്ള ഒരേയൊരു ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണെന്നും കഴിഞ്ഞദിവസം ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താരത്തിന് ഇപ്പോളും പിഎസ്ജിയിലേക്ക് ചേക്കേറാൻ കഴിയുമെന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവന്റസ് വിടാൻ ആഗ്രഹിക്കുന്ന റൊണാൾഡോക്ക് പുതിയ ക്ലബ്ബ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ്. പ്രതിവർഷം താരത്തിന് 31 മില്ല്യൺ യൂറോ ശമ്പളം നൽകാൻ തയ്യാറുള്ള ക്ലബ്ബുകളെയാണ് ഇതിനായി അദ്ദേഹം തേടുന്നത്. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ താരത്തിന് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ സ്റ്റാർ ഏജന്റിന് കഴിഞ്ഞിട്ടില്ല. ഇത് മെൻഡസിനേയും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നാണ് സൂചനകൾ.
മെസിയെ സ്വന്തമാക്കിയതോടെ, റൊണാൾഡോക്ക് വേണ്ടിയുള്ള നീക്കത്തിൽ നിന്ന് പാരീസ് സെന്റ്-ജെർമ്മൻ പിന്മാറിയെന്നും അതിനാൽ താരം ഇനി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇറ്റാലിയൻ മാധ്യമമായ ല ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വാർത്തയാണ് റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൊറിയ ഡെല്ലോ സ്പോർട്, ടുട്ടോ സ്പോർട്, ഫ്രഞ്ച് മാധ്യമമായ ആർ എം സി സ്പോർട് എന്നിവർ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പിഎസ്ജിയുടെ സൂപ്പർ താരമായ കെയ്ലിൻ എംബാപ്പെ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്ചയിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്നും ഇതോടെ റൊണാൾഡോക്ക് പിഎസ്ജിയിൽ ചേരാൻ കഴിയുമെന്നുമാണ് അവരുടെ റിപ്പോർട്ടിൽ പറയുന്നത്.
റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നത് ആരാധകരേയും കടുത്ത ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ അധികം താമസിയാതെ തന്നെ റോണോയുടെ ഭാവി കാര്യത്തിൽ വ്യക്തത വരുമെന്ന് ഉറപ്പാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.