കോവിഡ് മുക്തനായ ലയണൽ മെസി പിഎസ്‌ജിക്കു വേണ്ടി കളത്തിലിറങ്ങുന്ന തീയതി തീരുമാനമായി

Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം ലിയോണിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരവും നഷ്‌ടമായതോടെ ഈ വർഷം പിറന്നതിനു ശേഷം പിഎസ്‌ജി കളിച്ച രണ്ടു മത്സരങ്ങളിലും സാന്നിധ്യമറിയിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിട്ടില്ല. ക്രിസ്‌മസ്‌, ന്യൂ ഇയർ അവധി ദിവസങ്ങളിൽ കോവിഡ് ബാധിതനായതിനെ തുടർന്നാണ് ലയണൽ മെസിക്ക് പിഎസ്‌ജിയുടെ രണ്ടു മത്സരങ്ങളും നഷ്‌ടമായത്‌.

ദിവസങ്ങൾക്കു മുൻപേ കോവിഡ് നെഗറ്റിവായി പരിശീലനം ആരംഭിച്ചു എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിലാണ് ലിയോണിനെതിരെ മെസിയെ പുറത്തിരുത്തിയതെന്നാണ് അനുമാനിക്കേണ്ടത്. പിഎസ്‌ജിയുടെ അടുത്ത മത്സരത്തിൽ താരം കളിക്കാനിറങ്ങുമെന്ന് അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു.

ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റോയ്‌സിനെതിരായാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം. ജനുവരി 15നു രാത്രി ഒന്നരക്കു നടക്കുന്ന മത്സരത്തിൽ ലയണൽ മെസി കളിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് ബാധിതനായ താരത്തിന് ആരോഗ്യപരമായ യാതൊരു പ്രശ്‌നവുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

മെസിയുടെ അഭാവത്തിൽ ഇന്നലെ ഇകാർഡി, എംബാപ്പെ തുടങ്ങിയ താരങ്ങളാണ് പിഎസ്‌ജി മുന്നേറ്റനിരയെ നയിച്ചത്. എന്നാൽ ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ പിഎസ്‌ജി സമനില വഴങ്ങുകയായിരുന്നു. ലൂക്കാസ് പക്വറ്റ നേടിയ ഗോളിൽ മുന്നിലെത്തിയ ലിയോണിനെതിരെ എഴുപത്തിയാറാം മിനുട്ടിൽ തിലോ കെഹ്‌രറാണ് സമനില ഗോൾ നേടിയത്.

ലീഗിൽ ഇതുവരെ ഒരു ഗോൾ മാത്രം നേടിയിട്ടുള്ള മെസി സീസണിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരുപതു മത്സരങ്ങൾ പൂർത്തിയായപ്പോൾ 47 പോയിന്റുമായി പിഎസ്‌ജി ലീഗ് പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുമ്പോൾ 36 പോയിന്റുള്ള നീസാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.