കൂമാനെ പുറത്താക്കിയ ഒഴിവിലേക്ക് സാവിയെ നിയമിക്കാൻ ബാഴ്സലോണക്ക് ചിലവാകുക പതിനാറു മില്യൺ യൂറോ


റൊണാൾഡ് കൂമാന്റെ പകരക്കാരനായി സാവിയെത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാണെങ്കിലും ബാഴ്സലോണയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് പുതിയ പരിശീലകന് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുക സാധ്യമാവില്ല. ഇതിനു പുറമെ റയോ വയ്യക്കാനോയുമായുള്ള തോൽവിക്കു പിന്നാലെ പുറത്താക്കപ്പെട്ട ഡച്ച് പരിശീലകനും അദ്ദേഹത്തിന്റെ സപ്പോർട്ടിങ് കോച്ചിങ് സ്റ്റാഫിനും നഷ്ടപരിഹാരവും ബാഴ്സലോണ നൽകേണ്ടി വരും.
യൂറോപ്പിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം സാവി തന്നെയാണ് ബാഴ്സ പരിശീലകനായി എത്തുക. അതേസമയം അൽ സാദ് പരിശീലകസ്ഥാനത്തുള്ള സാവി ബാഴ്സലോണയിൽ എത്തണമെങ്കിൽ അദ്ദേഹത്തിന്റെ കരാറിലുള്ള ഉടമ്പടി പ്രകാരമുള്ള ഒരു മില്യൺ യൂറോ റിലീസ് ക്ളോസും കാറ്റലൻ ക്ലബ് നൽകേണ്ടി വരും.
— MARCA in English (@MARCAinENGLISH) October 28, 2021
അൽ സാദുമായുള്ള റിലീസിംഗ് ക്ളോസ് ഒഴിവാക്കാൻ ബാഴ്സ ശ്രമിച്ചു കൊണ്ടിരിക്കയാണെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിലീസിംഗ് ക്ളോസ് ഒഴിവാക്കിയാൽ ഖത്തരി ടീമുമായി ബാഴ്സലോണ സമീപഭാവിയിൽ തന്നെ ദോഹയിൽ വെച്ച് ഒരു സൗഹൃദമത്സരം കളിക്കാമെന്ന ഓഫറാണ് ബാഴ്സലോണ മുന്നോട്ടു വെക്കുന്നത്.
അതേസമയം കൂമാനെ പുറത്താക്കിയതിനു ബാഴ്സലോണ നഷ്ടപരിഹാരമായി നൽകേണ്ടി വരിക പന്ത്രണ്ടു മില്യൺ യൂറോയാണ്. മുൻ പരിശീലകനായ ഏർണെസ്റ്റോ വാൽവെർദെയെ പോലെ പുറത്താക്കപ്പെട്ടതിനുള്ള നഷ്ടപരിഹാരം വേണ്ടെന്നു വെക്കാൻ കൂമാൻ തയ്യാറാവാത്തതിനാൽ ഈ തുക ബാഴ്സലോണ നൽകേണ്ടി വരുമെന്നുറപ്പാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം ലാ ലിഗ വളരെ കുറഞ്ഞ സാലറി ക്യാപ്പാണ് നൽകിയിരിക്കുന്നത് എന്നതിനാൽ ബാഴ്സലോണക്ക് മൂന്നു മില്യൺ യൂറോ മാത്രമാണ് സാവിയുടെ പ്രതിഫലമായി നൽകാൻ കഴിയുക. ഇതെല്ലാം ചേർത്തു വെച്ചാൽ കൂമാനെ പുറത്താക്കിയ ഒഴിവിലേക്ക് സാവിയെ നിയമിക്കാൻ ബാഴ്സലോണ പതിനാറു മില്യൺ യൂറോ ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മുടക്കേണ്ടി വരും.