"ഫെർഗുസൺ കെട്ടിപ്പടുത്തതെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് നഷ്ടപ്പെടുത്തി"- ക്ലബിനെതിരെ വിമർശനവുമായി റെനെ മ്യൂളസ്റ്റീൻ


സർ അലക്സ് ഫെർഗുസൺ പരിശീലകനായിരിക്കുമ്പോൾ അവസാനമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിനു ശേഷം ഒൻപതു വർഷം പിന്നിട്ടിട്ടും ആ കിരീടം പിന്നീട് നേടാൻ കഴിഞ്ഞിട്ടില്ല. നിരവധി പരിശീലകർ മാറിമാറി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇംഗ്ലണ്ടിലെ രാജാക്കന്മാരായി തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ദി ടെലെഗ്രാഫിനോട് സംസാരിക്കേ ക്ലബിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സർ അലക്സ് ഫെർഗുസൻറെ സഹപരിശീലകനായി പന്ത്രണ്ടു വർഷത്തോളം പ്രവർത്തിച്ച റെനെ മ്യുളസ്റ്റീൻ പറയുകയുണ്ടായി. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം കടുത്ത വിമർശനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയത്.
Former Manchester United coach identifies mistake club made after Sir Alex Ferguson exit #mufc https://t.co/zkz0MclVyR
— Man United News (@ManUtdMEN) January 27, 2022
"ഏറ്റവും ദയനീയമായ അവസ്ഥ എന്താണെന്നു വെച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ സ്വത്വം പൂർണമായി നഷ്ടമായി എന്നതാണ്. ഫെർഗുസൺ വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാം വലിച്ചെറിയപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടേതായ ഒരു ശൈലിയുണ്ടായിരുന്നു. വളരെ ആകർഷണീയമായതും ക്രിയാത്മകതയുള്ളതുമായ ശൈലി. എന്നാൽ ആ ശൈലി ക്ലബിന് നഷ്ടമായിരിക്കുന്നു."
"നിങ്ങൾക്ക് വിജയം നേടണമെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് തുടർച്ച ഉണ്ടാകണം. അതിനു പുറമെ ഉറച്ചതും സ്ഥിരമായതുമായ ഒരു ഓർഗനൈസേഷനും ഉണ്ടാകണം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതൊന്നുമില്ല. യർഗൻ ക്ളോപ്പിന്റെ ലിവർപൂളിനും പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കും ആ സ്ഥിരതയുണ്ട്. അവരുടെ വിജയങ്ങളിൽ നിന്നും അതു കാണാൻ കഴിയും." റെനെ വ്യക്തമാക്കി.
രണ്ടു തരത്തിൽ ഇതിനു പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നുമുള്ള പുതിയൊരു പരിശീലകനെ വെച്ച് എല്ലാ കാര്യങ്ങളും വ്യത്യസ്തമായ രീതിയിൽ നടപ്പാക്കുക എന്നതാണ് അതിലൊന്നെന്നും അതല്ലെങ്കിൽ ഫെർഗുസനെ ഉൾക്കൊള്ളിച്ചും അദ്ദേഹത്തിന്റെ ബാക്ക്റൂം സ്റ്റാഫുകളുടെ സഹായം തേടിയും വർഷങ്ങൾ കൊണ്ട് ടീമിനെ മെച്ചപ്പെടുത്തി എടുക്കാമെന്നും റെനെ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.