Football in Malayalam

പിഎസ്‌ജിയും പോച്ചട്ടിനോയും അകലുന്നു, അർജന്റീനിയൻ പരിശീലകനു പകരക്കാരനെ തീരുമാനിച്ച് ഫ്രഞ്ച് ക്ലബ്

Sreejith N
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / FRANCK FIFE/GettyImages
facebooktwitterreddit

പിഎസ്‌ജിയും പരിശീലകനായ പോച്ചട്ടിനോയും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലൂടെയാണു കടന്നു പോകുന്നതെന്നും അടുത്ത സീസണിൽ അർജന്റീനിയൻ പരിശീലകൻ ഫ്രഞ്ച് ക്ലബിന്റെ ഡഗ് ഔട്ടിൽ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ. പ്രമുഖ കായികമാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന പോച്ചട്ടിനോയുമായി വഴിപിരിയാൻ തന്നെയാണ് പിഎസ്‌ജിയുടെ തീരുമാനം.

2021 ജനുവരിയിൽ തോമസ് ടുഷെലിനെ പുറത്താക്കിയതിനു പിന്നാലെയാണ് പോച്ചട്ടിനോ പിഎസ്‌ജിയിൽ എത്തിയത്. രണ്ട് ആഭ്യന്തര കിരീടത്തിലേക്ക് ടീമിനെ അതിനു ശേഷം നയിക്കാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നഷ്‌ടമായതും ഈ സീസണിൽ നിരവധി സൂപ്പർതാരങ്ങളുണ്ടായിട്ടും ടീമിന്റെ മോശം പ്രകടനവും ഫ്രഞ്ച് കപ്പിൽ നിന്നുള്ള പുറത്താവലുമെല്ലാം പോച്ചട്ടിനോക്കു നേരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ സമ്മറിൽ ടീമിൽ നിന്ന് ഒരു താരത്തെയും ഒഴിവാക്കാൻ പോച്ചട്ടിനോ സമ്മതിക്കാതിരുന്നതിനാൽ നിലവിൽ വലിയൊരു സ്‌ക്വാഡാണ് പിഎസ്‌ജിക്കുള്ളത്. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര സ്വന്തമായുള്ള ഈ സ്‌ക്വാഡിൽ നിന്നും ഒരു ഇലവനെ കണ്ടെത്തി ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ അർജന്റൈൻ പരിശീലകനു പക്ഷെ കഴിഞ്ഞിട്ടില്ല.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടോട്ടനം ഹോസ്‌പർ താരമായ എൻഡോംബലയെ സ്വന്തമാക്കാനുള്ള പോച്ചട്ടിനോയുടെ ആവശ്യം പിഎസ്‌ജി നിരാകരിച്ചത് പരിശീലകനുമായി അകന്നതിന്റെ ഭാഗമായാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോച്ചട്ടിനോക്ക് പകരക്കാരനായി സിനദിൻ സിദാനെ പിഎസ്‌ജി കണ്ടെത്തിയെന്നും അടുത്ത സമ്മറിൽ അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ എത്തിക്കാനാണ് ക്ലബിന്റെ നീക്കം.

പിഎസ്‌ജിയുമായി വഴി പിരിഞ്ഞാലും വളരെ പെട്ടന്നു തന്നെ പോച്ചട്ടിനോ ഡഗ് ഔട്ടിൽ തിരിച്ചെത്തുമെന്നുറപ്പാണ്. അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരം പരിശീലകനായി കണ്ടെത്തിയിരിക്കുന്നത് അർജന്റീനിയൻ പരിശീലകനെയാണ്. അതിനു മുൻപായി പിഎസ്‌ജിയിൽ പോച്ചട്ടിനോക്ക് എന്താണു നേടാൻ കഴിയുകയെന്നാണ് ആരാധകരിപ്പോൾ ഉറ്റു നോക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit