Football in Malayalam

ഇന്ത്യയിൽ നിന്നും ആവശ്യക്കാർ, ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ടിക്കറ്റുകൾ; മെസിയുടെ പിഎസ് ജി അരങ്ങേറ്റം ചരിത്ര സംഭവമാകും

Gokul Manthara
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / David Rogers/Getty Images
facebooktwitterreddit

പിഎസ്‌ജിയുമായി കരാർ ഒപ്പിട്ടിട്ട് കുറച്ച് ദിവസങ്ങളായെങ്കിലും ക്ലബ്ബ് ജേഴ്സിയിൽ ലയണൽ മെസി ഇതു‌വരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ പിഎസ്‌ജി ജേഴ്സിയിൽ മെസി കളിക്കുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ഈയാഴ്ച അവസാനമാകുമെന്നാണ് സൂചനകൾ. ഞായറാഴ്ച റെയിംസിനെതിരെ നടക്കാനിരിക്കുന്ന‌ ലീഗ് വൺ മത്സരത്തിൽ മെസി പിഎസ്‌ജിക്കായി കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണിത്.

പാരീസ് സെന്റ്-ജെർമ്മനൊപ്പമുള്ള‌ മെസിയുടെ അരങ്ങേറ്റ മത്സരം ലോകം മുഴുവൻ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. റെയിംസ്-പിഎസ്‌ജി മത്സരത്തിനുള്ള‌ മുഴുവൻ ടിക്കറ്റുകളും ഈ പോരാട്ടത്തിന് 10 ദിവസം മുൻപേ വിറ്റു തീർന്നത് ഇതിന്റെ വ്യക്തമായ‌ സൂചനയാണ്. റെയിംസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഈ മത്സരത്തിന്റെ 20,546 ടിക്കറ്റുകളും വിറ്റു പോയതായും, മത്സരം നിറഞ്ഞ ഗ്യാലറിക്ക് മുന്നിലാകും നടക്കുകയെന്നും ഫ്രഞ്ച് ക്ലബ്ബിന്റെ ബോക്സ് ഓഫീസ് മേധാവിയായ അലക്സാണ്ടർ ജീനിൻ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്നോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിഎസ്‌ജിക്കൊപ്പം മെസിയുടെ അരങ്ങേറ്റം കാണാൻ ഇന്ത്യ, ചിലി, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് പോലും ആരാധകർ ഓൺലൈനായി ‌ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും സംസാരത്തിനിടെ‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളും ഈ പോരാട്ടത്തിനായി കാത്തിരിക്കുകയാണെ‌‌ന്ന് വ്യക്തമാക്കുന്നതാണ്‌ ഇതിനോടകം മത്സരത്തിനായി അധികൃതർക്ക്‌ ലഭിച്ച 122 മീഡിയ അക്രഡിറ്റേഷൻ അഭ്യർത്ഥനകൾ. റെയിംസിന്റെ ഹോം ഗ്രൗണ്ടായ അഗസ്റ്റെ ഡെലൗൺ സ്റ്റേഡിയത്തിൽ ഒരു മത്സരത്തിന് ലഭിക്കുന്ന റെക്കോർഡ് അക്രഡിറ്റേഷൻ അഭ്യർത്ഥന കൂടിയാണിത്.

ഇതിന് മുൻപ് ഇതിഹാസ താരം ഡേവിഡ് ബെക്കാം പിഎസ്‌ജിക്കൊപ്പം 2013ൽ കളിക്കാനെത്തിയപ്പോൾ 113 മീഡിയ അക്രഡിറ്റേഷൻ അഭ്യർത്ഥനകൾ വന്നതായിരുന്നു ഇക്കാര്യത്തിൽ ഈ‌ സ്റ്റേഡിയത്തിലെ‌ റെക്കോർഡ്. മെസി അരങ്ങേറ്റം കുറിച്ചേക്കുമെന്നത് മീഡിയ അക്രഡിറ്റേഷൻ കാര്യത്തിൽ പോലും പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കുമെന്ന് ചുരുക്കം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit