മെസിയെ തടുക്കുന്നതിനുള്ള വഴിയോ ഫോർമുലയോ ആരും ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് റീംസ് പരിശീലകൻ ഓസ്കാർ ഗാർസിയ


ലയണൽ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരത്തിൽ ഉണ്ടാകുമെന്നതിന്റെ സൂചനകൾ പിഎസ്ജി മാനേജറായ പൊച്ചട്ടിനോ നൽകിയതു കൊണ്ടു തന്നെ താരത്തിന്റെ ആരാധകർ കാത്തിരിപ്പിലാണ്. അതേസമയം പിഎസ്ജി മത്സരത്തിൽ നേരിടാനിരിക്കുന്ന ക്ലബായ റീംസിന്റെ പരിശീലകനായ ഓസ്കാർ ഗാർസിയ മുൻ ബാഴ്സലോണ താരമായിരുന്നു എന്നത് മത്സരത്തിന് മറ്റൊരു മാനം നൽകുന്നുണ്ട്.
1993 മുതൽ 1999 വരെ ബാഴ്സലോണക്ക് വേണ്ടി കളിച്ച ഓസ്കാർ ഗാർസിയ ക്രൈഫ് പരിശീലകനായിരിക്കുമ്പോഴാണ് ജൂനിയർ ടീമിൽ നിന്നും സീനിയർ ടീമിലെത്തി അരങ്ങേറ്റം നടത്തുന്നത്. നാല് ലാ ലിഗ കിരീടമടക്കം നിരവധി നേട്ടങ്ങൾ ബാഴ്സക്കൊപ്പം സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം മെസിയെ നേരിടുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇഎഫ്ഇയോട് സംസാരിക്കുകയുണ്ടായി.
"അവനെ തടുക്കുന്നതിനുള്ള വഴിയോ ഫോർമുലയോ ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല. മെസിയെ നേരിടാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, കാരണം അതിനർത്ഥം താരം ബാഴ്സലോണയിൽ തന്നെ തുടരുന്നു എന്നതു കൂടിയായതു കൊണ്ട്. എന്നാൽ ലോകത്തിലെ മികച്ച താരം എത്തിയതു കൊണ്ടു തന്നെ ഫ്രഞ്ച് ലീഗിനിതു പോസിറ്റിവാണ്," ഗാർസിയ പറഞ്ഞു.
മുൻപ് സെൽറ്റ വീഗൊ പരിശീലകനായിരിക്കുമ്പോൾ ഗാർസിയ ലയണൽ മെസിയുടെ ബാഴ്സലോണ ടീമിനെ നേരിട്ടിട്ടുണ്ട്. അന്നു മെസിയുടെ ഹാട്രിക്കിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് ബാഴ്സ നേടിയത്. അതിനെക്കുറിച്ചും ഗാർസിയ സംസാരിച്ചു.
"ലയണൽ മെസിയുടെ കാര്യത്തിൽ എപ്പോഴും സംഭവിക്കുന്ന കാര്യമാണത്. തന്ത്രപരമായി ഞങ്ങൾ വളരെ മികച്ച മത്സരമാണ് അന്നു കളിച്ചത്. ബാഴ്സലോണക്ക് അവസരങ്ങളും ഇല്ലായിരുന്നു. എന്നാൽ മെസി രണ്ടു ഫ്രീ കിക്കും ഒരു പെനാൽറ്റിയും ഗോളാക്കി മാറ്റി. ആ നിമിഷങ്ങളിൽ മെസി കളിയെ മാറ്റിമറിച്ചു," ഗാർസിയ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.