Football in Malayalam

റൊണാൾഡോയുടെ വിജയഗോൾ നിഷേധിച്ചതിനു പോർചുഗലിനോടും സാന്റോസിനോടും ക്ഷമാപണം നടത്തി റഫറി

Sreejith N
Serbia  v Portugal -World Cup Qualifier
Serbia v Portugal -World Cup Qualifier / Soccrates Images/Getty Images
facebooktwitterreddit

സെർബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വിജയഗോൾ നിഷേധിച്ച തീരുമാനത്തിൽ ക്ഷമാപണം നടത്തി ഡച്ച് റഫറി ഡാനി മക്കലി. ഇരുടീമുകളും രണ്ടു ഗോൾ നേടി സമനിലയിലായിരുന്ന മത്സരത്തിന്റെ അവസാന നിമിഷം റൊണാൾഡോ നേടിയ ഗോൾ നിഷേധിച്ചതു വഴി പോർച്ചുഗലിന്റെ അർഹിച്ച വിജയം കൂടിയായിരുന്നു റഫറി ഇല്ലാതാക്കിയത്.

പോർച്ചുഗലിന്റെ മുന്നേറ്റത്തിനൊടുവിൽ റൊണാൾഡോ തൊടുത്ത ഷോട്ട് സെർബിയൻ താരം അലെസാണ്ടർ മിട്രോവിച്ച് ക്ലിയർ ചെയ്‌തെങ്കിലും ടിവി റിപ്ലെകളിൽ പന്ത് ഗോൾ ലൈൻ കടന്നതിനു ശേഷമാണ് ക്ലിയർ ചെയ്തതെന്ന് വ്യക്തമായിരുന്നു. എന്നാൽ ലൈൻ റഫറിയുടെ അഭിപ്രായം ചോദിച്ചറിഞ്ഞ മക്കലി ഗോൾ നിഷേധിച്ചപ്പോൾ പ്രതിഷേധ സൂചകമായി നായകനായ റൊണാൾഡോ കളിക്കളം വിടുകയും ചെയ്തു.

"ഫിഫയുടെ പോളിസികൾ പ്രകാരം എനിക്കാകെ പറയാൻ കഴിയുന്നത് സംഭവിച്ച കാര്യങ്ങളുടെ പേരിൽ നാഷണൽ ടീം പരിശീലകനായ ഫെർണാണ്ടോ സാന്റോസിനോടും പോർച്ചുഗൽ ടീമിനോടും ക്ഷമാപണം നടത്തി എന്നതാണ്. ഒരു റഫറി ടീമെന്ന നിലയിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതുപോലൊരു വാർത്തയിൽ നിറഞ്ഞു നിൽക്കേണ്ടി വരുന്നതിൽ ഞങ്ങൾക്ക് സന്തോഷമില്ല," എ ബോലായോട് സംസാരിക്കുമ്പോൾ മക്കലി പറഞ്ഞു.

തന്റെ ഗോളും പോർച്ചുഗലിന്റെ വിജയവും നിഷേധിച്ചതിനോട് കടുത്ത പ്രതിഷേധമാണ് റൊണാൾഡോ ഉയർത്തിയത്. മത്സരത്തിൽ ഏതാനും നിമിഷം ബാക്കിയുണ്ടായിരുന്നെങ്കിലും ലൈൻസ്‌മാനുമായി തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌ത താരം ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞ് മൈതാനം വിടുകയായിരുന്നു. രാജ്യത്തെ മുഴുവൻ മുറിവേൽപ്പിക്കുന്ന പ്രവൃത്തിയാണ് മത്സരത്തിൽ നടന്നതെന്നാണ് അതിനു ശേഷം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


facebooktwitterreddit