ഇംഗ്ലണ്ട് ടീമിനു വേണ്ടി ക്ലബുകൾ തമ്മിലുള്ള ശത്രുത മാറ്റിവെക്കുന്നത് പ്രയാസകരം തന്നെയെന്ന് ചെൽസി താരം റീസ് ജെയിംസ്


പ്രതിഭാധനരായ താരങ്ങൾ ഓരോ കാലഘട്ടത്തിലും നിരവധി ഉണ്ടായിട്ടും രാജ്യാന്തര തലത്തിൽ ഇംഗ്ലണ്ട് ഒരു കിരീടം നേടിയിട്ട് വളരെക്കാലമായി. ഇംഗ്ലണ്ട് ദേശീയ ടീം ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിട്ടുള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിവിധ ക്ലബുകൾക്കു വേണ്ടി കളിക്കുന്ന സൂപ്പർതാരങ്ങൾ അവരുടെ ശത്രുതയും ഈഗോയും ദേശീയ ടീമിലെത്തുമ്പോൾ മാറ്റിവെച്ച് ഒത്തിണക്കത്തോടെ കളിക്കാൻ തയ്യാറാവുന്നില്ല എന്നതാണ്.
ഈ ധാരണ ശരിയാണെന്നു തന്നെയാണ് ചെൽസി താരമായ റീസ് ജെയിംസിന്റെ വാക്കുകൾ തെളിയിക്കുന്നത്. ഇംഗ്ലണ്ട് ദേശീയ ടീമിലെത്തുമ്പോൾ ക്ലബുകൾ തമ്മിലുള്ള ശത്രുത മാറ്റി വെക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നു പറഞ്ഞ ചെൽസി ഫുൾ ബാക്ക് പക്ഷെ ദേശീയ ടീമിന്റെ വിജയത്തിനായി അതു കൂടിയേ തീരുവെന്നും താരങ്ങൾ അതിന് തയ്യാറാകണമെന്നും വ്യക്തമാക്കി.
"ഇംഗ്ലണ്ട് ടീമിനു വേണ്ടി കളിക്കുമ്പോൾ നിങ്ങൾ ക്ലബ് തലത്തിലുള്ള ശത്രുത മാറ്റി വെക്കണം. അവിടെയെത്തുമ്പോൾ ഞങ്ങൾ ഒരൊറ്റ ടീമാണ്, എന്തൊക്കെ സംഭവിച്ചാലും ആരെല്ലാം ഞങ്ങൾക്കെതിരെ കളിക്കുന്നുവോ അവരോടെല്ലാം വിജയം നേടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ എല്ലാം മാറ്റിവെച്ച് സ്വന്തം ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം."
"ഞങ്ങൾ ഞങ്ങളുടെ ക്ലബിനു വേണ്ടിയാണ് കൂടുതൽ ഫുട്ബോൾ കളിക്കുന്നത് എന്നതിനാൽ അതൊരിക്കലും എളുപ്പമല്ല. എന്നാൽ ഞങ്ങൾ എവിടെയാണെങ്കിലും വിജയം നേടുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യം," നിലവിൽ ഇംഗ്ലണ്ട് ടീമിലുള്ള താരം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ റീസ്, യൂറോ കപ്പ് ഫൈനലിൽ എത്തിയ ഇംഗ്ലണ്ട് ടീമിലും അംഗമായിരുന്നു. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതുവരെ എട്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ ചെൽസിക്കായി നേടിയിട്ടുണ്ട്.