റയലിനെ നേരിടാനിരിക്കുന്ന പിഎസ്‌ജിക്ക് തിരിച്ചടി, ഫ്രാൻസിലെ സ്റ്റേഡിയത്തിൽ അനുവദിക്കുന്ന കാണികളുടെ എണ്ണം കുറക്കുന്നു
By Sreejith N

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന പിഎസ്‌ജിക്ക് തിരിച്ചടിയായി ഫ്രാൻസിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പ്രധാനമന്ത്രിയായ ജീൻ കാസ്റ്റെക്സ്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നിരവധി രാജ്യങ്ങളിൽ പടരുകയും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിലാണ് ഫ്രാൻസിലും നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ പുതിയ തീരുമാനപ്രകാരം ഫുട്ബോൾ അടക്കമുള്ള, ഔട്ട്ഡോറിൽ നടക്കുന്ന കായിക ഇനങ്ങളിൽ പരമാവധി പങ്കെടുക്കാൻ കഴിയുന്ന പരമാവധി കാണികളുടെ എണ്ണം ഇനി മുതൽ അയ്യായിരം മാത്രമായിരിക്കും. അതേസമയം ഇൻഡോറിൽ നടക്കുന്ന കായിക ഇനങ്ങൾക്ക് രണ്ടായിരം കാണികൾക്ക് മാത്രമായിരിക്കും പങ്കെടുക്കാനാവുക. ജനുവരി മൂന്നു മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
Looking to combat the rise of COVID-19 cases.https://t.co/1GUJh6QPMq
— MARCA in English (@MARCAinENGLISH) December 29, 2021
അൾട്രാസിനെ അടക്കം സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്ന ഫ്രാൻസിൽ, എല്ലാ തരത്തിലും തങ്ങളുടെ ടീമിനു പിന്തുണ നൽകുന്ന ആരാധകർ വലിയൊരു പങ്കാണ് ഓരോ ടീമിന്റെയും മത്സരവിജയങ്ങളിൽ നൽകുന്നത്. ഈ സാഹചര്യത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന കാണികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം ഓരോ ടീമിനും വലിയ തിരിച്ചടിയാണ്.
പിഎസ്‌ജിയെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക എന്നതിൽ യാതൊരു സംശയവുമില്ല. ഫെബ്രുവരി പതിനഞ്ചിനു പാർക് ഡി പ്രിൻസസിൽ നടക്കുന്ന ആദ്യപാദ മത്സരത്തിൽ വളരെ കുറഞ്ഞ കാണികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന റയലിനെ നേരിടുമ്പോൾ കാണികളുടെ പിന്തുണ കുറയുമെന്നത് ഇതുവരെയും സ്ഥിരത കൈവരിക്കാൻ കഴിയാത്ത പിഎസ്‌ജിക്ക് കനത്ത തിരിച്ചടി തന്നെയാണ്.
നിലവിൽ അവധി ദിവസങ്ങൾക്കായി പിരിഞ്ഞിരിക്കുന്ന ഫ്രഞ്ച് ലീഗ് ജനുവരി ഏഴിനാണ് വീണ്ടും ആരംഭിക്കുക. പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരത്തിനു മുൻപ് ലിയോണും പിഎസ്‌ജിയും തമ്മിലുള്ള മത്സരത്തിലും ലില്ലെയും മാഴ്‌സയും തമ്മിൽ നടക്കുന്ന പോരാട്ടത്തിലും ലിയോണും സെയിന്റ് ഏറ്റിയെന്നും നടക്കുന്ന കളിയിലുമെല്ലാം കാണികൾ വളരെ കുറവു തന്നെയായിരിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.