2021 -22 സീസണിൽ മെസി തകർക്കാൻ സാധ്യതയുള്ള ഏഴു റെക്കോർഡുകൾ


കോപ്പ അമേരിക്ക കിരീടനേട്ടത്തോടെ വളരെ നാളുകൾ കാത്തിരുന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷവുമായി ബാഴ്സലോണക്കു വേണ്ടി പുതിയ സീസണു മെസി തയ്യാറെടുക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ദേശീയ ടീമിനു വേണ്ടി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത താരമെന്ന വിമർശനങ്ങളെ ഇല്ലാതാക്കിയതിന്റെ ആത്മവിശ്വാസം അടുത്ത സീസണിൽ മെസിക്ക് കൂടുതൽ കരുത്തു പകരുമെന്നാണ് ഓരോരുത്തരും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്കോററായ ലയണൽ മെസി ബാഴ്സലോണക്കു വേണ്ടിയും കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കു വേണ്ടിയും മികച്ച പ്രകടനം നടത്തുകയും നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു. പുതിയ സീസണിലും തിരുത്തപ്പെടാൻ വേണ്ടി നിരവധി റെക്കോർഡുകൾ ലയണൽ മെസിയെ കാത്തിരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഏഴു റെക്കോർഡുകൾ ഇവയാണ്.
1. ഈ സീസണിൽ 27 ലീഗ് ഗോളുകൾ നേടിയാൽ ലാ ലീഗയിൽ അഞ്ഞൂറു ഗോളുകളെന്ന നേട്ടം മെസിക്ക് സ്വന്തമാകും. താരത്തിന്റെ ഫോം പരിഗണിക്കുമ്പോൾ അത് സാധ്യവുമാണ്.
2. ക്ലബ് ഫുട്ബോളിൽ 35 കിരീടങ്ങളെന്ന റയാൻ ഗിഗ്സിന്റെ റെക്കോർഡിനു തൊട്ടടുത്താണ് ലയണൽ മെസി. ഒരു കിരീടം സ്വന്തമാക്കിയാൽ മെസിക്ക് ഇതിനൊപ്പമെത്താം.
3. രണ്ടു മത്സരങ്ങൾ കൂടി കളിച്ചാൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം മത്സരങ്ങളെന്ന സാവിയുടെ റെക്കോർഡ് മെസിക്കും സ്വന്തമാകും. 151 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് സാവി കളിച്ചിരിക്കുന്നത്.
4. കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്കോററായിരുന്ന ലയണൽ മെസിക്ക് ഇത്തവണയും ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞാൽ താരം തുടർച്ചയായി സ്വന്തമാക്കുന്ന ആറാമത്തെ പിച്ചിച്ചിയാവുമത്. നിലവിൽ എട്ടു പിച്ചിച്ചി ട്രോഫി മെസിക്കു സ്വന്തമായിട്ടുണ്ട്.
5. 800 ഗോളുകളെന്ന നേട്ടത്തിലേക്കെത്താൻ മെസിക്ക് ഇനി വേണ്ടത് 33 ഗോളുകൾ മാത്രമാണ്. ഒരു സീസണിൽ നാൽപതിനടുത്ത് ഗോളുകൾ നേടുന്ന താരത്തിന് ആ റെക്കോർഡ് തകർക്കാനും ബുദ്ധിമുട്ടുണ്ടാകില്ല.
6. ലാ ലിഗ അസിസ്റ്റ് നേട്ടങ്ങളിൽ മുന്നിലുള്ള മെസിക്ക് 200 അസിസ്റ്റുകൾ ലീഗിൽ നേടുന്ന ആദ്യത്തെ താരമാകാനും അവസരമുണ്ട്. 192 അസിസ്റ്റുകളാണ് നിലവിൽ മെസിയുടെ പേരിലുള്ളത്.
7. കോപ്പ അമേരിക്ക കിരീടം നേടിയതോടെ ഈ വർഷത്തെ ബാലൺ ഡി' ഓർ പുരസ്കാരം നേടാനുള്ള മെസിയുടെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. സ്വന്തമാക്കുകയാണെങ്കിൽ അത് മെസിയുടെ ഏഴാമത്തെ ബാലൺ ഡി ഓർ ആകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.