ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 2ൽ ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും തകർത്ത റെക്കോർഡുകൾ

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. പ്രായം തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രകടനങ്ങളിലൂടെ തെളിയിച്ച് മുന്നേറുന്ന ഇരുവരും അന്താരാഷ്ട്ര ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഒരേ മികവ് പുറത്തെടുക്കുന്നു.
ഇക്കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോയും, പാരീസ് സെന്റ്-ജെർമ്മനിലേക്ക് ചേക്കേറിയ മെസ്സിയും ചാമ്പ്യൻസ് ലീഗ് 2021/22 സീസണിന്റെ മാച്ച്ഡേ രണ്ടിൽ തങ്ങളുടെ ടീമുകൾക്കായി ഗോളുകൾ നേടിയിരുന്നു. റൊണാൾഡോ വിയ്യാറയലിന്റെ വല കുലുക്കിയപ്പോൾ, പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വലയിലായിരുന്നു മെസ്സി പന്തെത്തിച്ചത്. മാച്ച്ഡേ 2ൽ ചാമ്പ്യൻസ് ലീഗിലെ ഒരു പിടി റെക്കോർഡുകളും ഈ താരങ്ങൾ സ്വന്തമാക്കി. അവ എന്തൊക്കെയെന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്:
27 - ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാണ് മെസി. ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരെ കളിച്ച 35 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ 27 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 12 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ രണ്ടാമതാണ്.
3 - യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ തൊണ്ണൂറാം മിനുറ്റിന് റൊണാൾഡോ നേടിയ വിജയഗോളുകളുടെ എണ്ണം മൂന്നായി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ തൊണ്ണൂറാം മിനുറ്റിന് ശേഷം ഏറ്റവും കൂടുതൽ വിജയ ഗോളുകൾ ടീമിനായി നേടുന്ന താരമെന്ന റെക്കോർഡിൽ സെർജിയോ അഗ്യൂറോക്കൊപ്പമെത്താൻ റോണോക്കായി.
12 - ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ തൊണ്ണൂറാം മിനുറ്റിലോ, അതിന് ശേഷമോ റൊണാൾഡോ നേടുന്ന ഗോളുകളുടെ എണ്ണം 12 ആയി. ചാമ്പ്യൻസ് ലീഗിലെ റെക്കോർഡ് കൂടിയാണിത്. 6 ഗോളുകളുമായി മെസ്സിയാണ് ഇക്കാര്യത്തിൽ രണ്ടാമത്.
178 - ചാമ്പ്യൻസ് ലീഗിലെ തന്റെ 178-ം മത്സരമായിരുന്നു വിയ്യാറയലിനെതിരെ റൊണാൾഡോ കളിച്ചത്. ഇതോടെ ഇക്കർ കസിയ്യസിനെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായി റൊണാൾഡോ മാറി.
7 - ചാമ്പ്യൻസ് ലീഗിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമുകൾക്കെതിരെ മെസ്സി നേടിയ ഗോളുകളുടെ എണ്ണം 7 ആയി. മറ്റാരും പെപ്പിന്റെ ടീമിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഇത്രത്തോളം ഗോളുകൾ നേടിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവും മെസിയാണെന്നതാണ് (43) രസകരം
36 - ചാമ്പ്യൻസ് ലീഗിൽ വിജയഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമായി മുപ്പത്തിയാറുകാരനായ റൊണാൾഡോ മാറി. ലിയൊണാഡോ, റയാൻ ഗിഗ്സ് എന്നിവരാണ് ഇക്കാര്യത്തിൽ ആദ്യ സ്ഥാനങ്ങളിൽ.
41 - ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ നേടുന്ന നാൽപ്പത്തിയൊന്നാം മാച്ച് വിന്നിംഗ് ഗോളായിരുന്നു വിയ്യാറയലിനെതിരെയുള്ളത്. 38 മാച്ച് വിന്നിംഗ് ഗോളുകളുമായി മെസി ഇക്കാര്യത്തിൽ റോണോക്ക് തൊട്ടു പിന്നിലുണ്ട്.
കണക്കുകൾക്ക് കടപ്പാട് : ഇ എസ് പി എൻ സ്റ്റാറ്റ്സ് & ഇൻഫർമേഷൻ ഗ്രൂപ്പ്