വനിതാഫുട്ബോളിൽ ചരിത്രം കുറിച്ച് ബാഴ്സലോണ- റയൽ മാഡ്രിഡ് പോരാട്ടം, മത്സരം കാണാനെത്തിയത് റെക്കോർഡ് കാണികൾ


വനിതാഫുട്ബോളിൽ ചരിത്രം കുറിച്ച് ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം. ഇന്നലെ ക്യാമ്പ് നൂവിൽ വെച്ചു നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരം കാണികളുടെ എണ്ണത്തിലാണ് പുതിയ റെക്കോർഡ് കുറിച്ചത്. മത്സരത്തിൽ വിജയം നേടിയ ബാഴ്സലോണ സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.
91,553 കാണികളാണ് ഇന്നലെ നടന്ന വിമൻസ് എൽ ക്ലാസിക്കോ കാണാൻ വേണ്ടി ക്യാമ്പ് നൂവിൽ എത്തിയത്. വനിതാ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാഴ്ചക്കാർ എത്തിയ മത്സരമാണിത്. 90,185 കാണികൾ എത്തിയ അമേരിക്കയും ചൈനയും തമ്മിൽ നടന്ന 1999ലെ ലോകകപ്പ് ഫൈനൽ മത്സരമാണ് ഇതോടെ പിന്നിലായത്.
91,553 in the Camp Nou ?
— B/R Football (@brfootball) March 30, 2022
Barcelona vs. Real Madrid set the world record for attendance at a women's football game pic.twitter.com/kHSvDPDVwa
ഒരു ക്ലബ് മത്സരത്തിനായി എത്തുന്ന ഏറ്റവും കൂടുതൽ കാണികളെന്ന റെക്കോർഡും ഇതോടെ തിരുത്തിയെഴുതപ്പെട്ടു. 2019ൽ ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ നടന്ന ലാലിഗ ഇബേർഡ്റോള മത്സരത്തിനായി എത്തിയ 30,814 കാണികളെന്ന റെക്കോർഡാണ് പഴങ്കഥയായത്. രണ്ടു മത്സരങ്ങളും ബാഴ്സലോണയുടേതാണെന്നത് കാറ്റലൻസിന് അഭിമാനിക്കാൻ വക നൽകുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾ നേടിയാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ വിജയം നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ എട്ടു ഗോളുകൾ നേടി ആധികാരികമായാണ് ബാഴ്സലോണയുടെ സെമി പ്രവേശനം. സെമിയിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കിയ പിഎസ്ജിയാണ് ബാഴ്സലോണയുടെ എതിരാളികൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.