Real Madrid News

ബാഴ്‌സലോണ വമ്പൻ ട്രാൻസ്‌ഫറുകൾ നടത്തുമ്പോഴും പദ്ധതികളിൽ മാറ്റമില്ലാതെ റയൽ മാഡ്രിഡ്

Sreejith N
Real Madrid Will Not Change Transfer Plans Despite Big Signings Of Barcelona
Real Madrid Will Not Change Transfer Plans Despite Big Signings Of Barcelona / PressFocus/MB Media/GettyImages
facebooktwitterreddit

ലെവൻഡോസ്‌കി അടക്കമുള്ള മികച്ച താരങ്ങളെ ടീമിലെത്തിച്ച് ബാഴ്‌സലോണ അടുത്ത സീസണു വേണ്ടി വമ്പൻ ഒരുക്കങ്ങൾ നടത്തുമ്പോഴും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പദ്ധതികളിൽ മാറ്റമില്ലാതെ റയൽ മാഡ്രിഡ്. അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ സ്വന്തമാക്കുക എന്നതിനേക്കാൾ നിലവിൽ ടീമിന്റെ ഭാഗമായവരിൽ പരിശീലകനായ കാർലോ ആൻസലോട്ടിയുടെ പദ്ധതികളില്ലാത്തവരെ ഒഴിവാക്കുക എന്നതാണ് റയൽ മാഡ്രിഡ് പ്രധാനമായും പരിഗണിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലിതു വരെ ബാഴ്‌സലോണ നാല് താരങ്ങളെ സ്വന്തമാക്കുകയും കരാർ അവസാനിച്ച ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കുകയും ചെയ്‌തിരുന്നു. ഫ്രീ ട്രാൻസ്‌ഫറിൽ ക്രിസ്റ്റൻസെൻ, കെസീ എന്നിവരെ ടീമിലെത്തിച്ച ബാഴ്‌സലോണ അതിനു ശേഷം റഫിന്യ, ലെവൻഡോസ്‌കി എന്നിവരുടെ ട്രാൻസ്‌ഫറും പൂർത്തിയാക്കി. അതേസമയം റയൽ മാഡ്രിഡ് അന്റോണിയോ റുഡിഗാർ, ഒറെലിയൻ ചുവാമെനി എന്നിവരെ മാത്രമാണ് ഈ സമ്മറിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ കാർലോ ആൻസലോട്ടിക്കു കീഴിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ തയ്യാറല്ല. കസമീറോക്ക് ബാക്കപ്പായി ചുവാമെനിയെ സ്വന്തമാക്കിയ റയൽ മാഡ്രിഡ് ആൻസലോട്ടിയുടെ നിർദ്ദേശപ്രകാരമാണ് ടീമിലേക്ക് നാലാമത്തെ സെന്റർ ബാക്കായി റുഡിഗറെ എത്തിച്ചത്. ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ നീക്കങ്ങൾ റയൽ മാഡ്രിഡ് ചർച്ച ചെയ്‌തെങ്കിലും ധൃതി പിടിച്ചു താരങ്ങളെ സ്വന്തമാക്കുന്നതിനു പകരം മികച്ച താരങ്ങളെ കണ്ടെത്തി ടീമിൽ എത്തിക്കാമെന്നു തന്നെയാണ് അവർ കരുതുന്നതെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ലൂക്ക ജോവിച്ച് ക്ലബ് വിട്ടതോടെ മുന്നേറ്റനിരയിലേക്കാണ് റയൽ മാഡ്രിഡിന് താരങ്ങളെ ആവശ്യമുള്ളത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലോസ് ബ്ലാങ്കോസ് മുന്നേറ്റനിരയിൽ പുതിയ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത വളരെ കുറവാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിൽ പുതിയ താരോദയങ്ങൾ ഉണ്ടാകുമെന്നിരിക്കെ അതിനു ശേഷമുള്ള വിന്റർ ട്രാൻസ്‌ഫർ ജാലകത്തിലാവും റയൽ മാഡ്രിഡ് പുതിയ സൈനിംഗുകൾ നടത്തുക.

എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ റയൽ മാഡ്രിഡിന് താൽപര്യമുണ്ടായിരുന്ന മുന്നേറ്റനിരതാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസാണ്. എന്നാൽ പാസ്പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ആ ഡീലിൽ മുന്നോട്ടു പോകാൻ റയൽ മാഡ്രിഡിനു കഴിഞ്ഞില്ല. ചില യുവതാരങ്ങളെ ക്ലബ് നോട്ടമിട്ടിരുന്നെങ്കിലും അവരിൽ പൂർണമായും സംതൃപ്‌തി ഇല്ലാതിരുന്നതിനാലും റയൽ മാഡ്രിഡ് അതൊഴിവാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit