ലാലീഗക്കെതിരെ റയൽ മാഡ്രിഡ് കേസിന് പോകാൻ സാധ്യത; ലീഗിലേക്കുള്ള നിക്ഷേപ ഫണ്ടിനോട് ക്ലബ്ബിന് എതിർപ്പ്...

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ഓഹരി കമ്പനിയായ സിവിസി ക്യാപിറ്റൽസിന് തങ്ങളുടെ പത്ത് ശതമാനം ബിസിനസ് നൽകാനുള്ള തീരുമാനം ലാലീഗ പ്രഖ്യാപിച്ചത്. ഈ നീക്കത്തിലൂടെ 2.7 ബില്ല്യൺ യൂറോയോളം ലാലീഗയിലേക്കെത്തുമെന്നും, റയൽ മാഡ്രിഡും, ബാഴ്സലോണയുമടക്കമുള്ള ലാലീഗ ക്ലബ്ബുകൾക്ക് വലിയൊരു തുക ഇതിൽ നിന്ന് ലഭിക്കുമെന്നുമായിരുന്നു റിപോർട്ടുകൾ. എന്നാൽ ഇപ്പോളിതാ ലാലീഗയിലേക്ക് ഒരു നിക്ഷേപ ഫണ്ട് എത്തുന്നതിനോട് റയൽ മാഡ്രിഡിന് കടുത്ത എതിർപ്പാണുള്ളതെന്നും അത് കൊണ്ടു തന്നെ ലാലീഗക്കും, സിവിസിക്കുമെതിരെ ഇക്കാര്യത്തിൽ നിയമയുദ്ധത്തിന് ക്ലബ്ബ് തയ്യാറായേക്കുമെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എൽ ഇൻഡിപെൻഡിയന്റെ.
ലാലീഗയിലേക്ക് സിവിസിയുടെ 2.7 ബില്ല്യൺ യൂറോ നിക്ഷേപം ഒഴുകിയെത്തുന്ന ബിസിനസ് നീക്കത്തോട് യോജിപ്പില്ലാത്ത റയൽ, പുതിയ പരസ്യങ്ങളിലേക്കും, ടെലിവിഷൻ കരാറിലേക്കും നയിക്കുന്ന ഈ 10 ശതമാനത്തിന്റെ പുതിയ ബിസിനസ് തീർത്തും നിയമവിരുദ്ധമാണെന്നും കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Real Madrid will sue La Liga and CVC for misappropriation — report
— Managing Madrid (@managingmadrid) August 5, 2021
El Independiente published a detailed report this morning https://t.co/iatmO3OqNe
തങ്ങളുടെ 10 ശതമാനം ഓഹരികൾ സിവിസി ക്യാപിറ്റൽസിന് നൽകാനൊരുങ്ങുന്നതായി ലാലീഗ പ്രഖ്യാപിച്ചെങ്കിലും ഈ നീക്കം വിജയിക്കണമെങ്കിൽ ലീഗിലെ മൂന്നിൽ രണ്ട് ക്ലബ്ബുകളും ഈ പുതിയ നിക്ഷേപത്തോട് ഓക്കെ പറയേണ്ടതുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തിൽ ക്ലബ്ബുകൾക്കിടയിൽ ലാലീഗ വോട്ടെടുപ്പ് നടത്തുമെന്നാണ് വാർത്തകൾ. ലാലീഗയുടെ ഈ നീക്കം റയൽ മാഡ്രിഡിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ ഈ കരാറിനെതിരെ ക്ലബ്ബ് കേസിന് പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം റയൽ മാഡ്രിഡിന്റെ ചിരവൈരികളായ എഫ് സി ബാഴ്സലോണക്ക് ഒരു മാസം മുന്നേ ഈ സിവിസി കരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ കറ്റാലൻ ക്ലബ്ബ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയുടെ റിപ്പോർട്ടുകൾ പ്രകാരം 250 മില്ല്യൺ യൂറോയുടെ സാമ്പത്തിക ഉത്തേജനമാണ് സിവിസിയുമായുള്ള ലാലീഗയുടെ കരാറിൽ നിന്ന് ബാഴ്സക്ക് മാത്രം ലഭിക്കുക. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ തുക വലിയ ആശ്വാസമായിരിക്കുമെന്നതിനാൽ കറ്റാലൻ ക്ലബ്ബ് ഈ നീക്കത്തോടെ നോ പറയാനുള്ള സാധ്യതകൾ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.