വിനീഷ്യസ് ജൂനിയറിനു പുതിയ കരാർ ഉടനെയില്ല, റയൽ മാഡ്രിഡ് ആരാധകർക്ക് ആശങ്ക
By Sreejith N

റയൽ മാഡ്രിഡിലെത്തിയ ആദ്യ നാളുകളിൽ നടത്തിയ മോശം പ്രകടനത്തിന്റെ പേരിൽ കളിയാക്കലുകളും വിമർശനങ്ങളും നേരിട്ടുവെങ്കിലും ഈ സീസണിൽ അവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ബ്രസീലിയൻ താരം വിനീഷ്യസ് കാഴ്‌ച വെക്കുന്നത്. ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറും തമ്മിലുള്ള ഒത്തിണക്കമാണ് ഈ സീസണിൽ റയൽ നടത്തുന്ന അസാമാന്യമായ കുതിപ്പിനു പിന്നിലെ ചാലകശക്തിയും.
വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് നിരയിലെ ഏറ്റവും പ്രധാന താരമെന്ന നിലയിലേക്ക് വളർന്നിട്ടും താരവുമായി കരാർ പുതുക്കാൻ റയൽ മാഡ്രിഡ് വൈകുന്നുവെന്നത് ക്ലബിന്റെ ആരാധകരുടെ ആശങ്കയേറ്റുന്ന കാര്യമാണ്. നിലവിലുള്ള കരാർ 2024 വരെ മാത്രമാണെന്നിരിക്കെ എത്രയും വേഗം അതു പുതുക്കാൻ ക്ലബ് തയ്യാറാകണമെന്ന് സാമൂഹമാധ്യമങ്ങളിൽ ആരാധകർ ഓർമിപ്പിക്കുന്നുമുണ്ട്.
The deal was reached in December.https://t.co/OgidNHQhUP
— MARCA in English (@MARCAinENGLISH) January 7, 2022
എന്നാൽ ഈ സീസണിൽ വിനീഷ്യസ് ജൂനിയറിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നാണ് മാർക്ക വെളിപ്പെടുത്തുന്നത്. താരത്തിന്റെ പ്രതിനിധികളും റയൽ മാഡ്രിഡ് നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം അടുത്ത സീസണിലാവും വിനീഷ്യസിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കുക. സമ്മറിൽ കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരെ റയൽ മാഡ്രിഡ് നോട്ടമിടുന്നതു കൊണ്ട് അവരുടെ പ്രതിഫലക്കരാർ കൂടി പരിഗണിച്ചു മാത്രമേ വിനീഷ്യസിന് പുതിയ കരാർ നൽകാൻ കഴിയൂ.
താരത്തിന്റെ പ്രതിഫലവും റയൽ മാഡ്രിഡ് കരാർ നൽകുന്നത് വൈകിപ്പിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ 3.2 മില്യൺ യൂറോ മാത്രം സീസണിൽ വേതനം വാങ്ങുന്ന താരം റയൽ മാഡ്രിഡ് സീനിയർ ടീമിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ്. എന്നാൽ 100 മില്യൺ യൂറോ മൂല്യം കൽപ്പിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ താരമെന്നു ട്രാൻസ്‌ഫർമാർക്കറ്റും 166 മില്യൺ യൂറോ മൂല്യമിട്ട് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനെന്നു സിഐഇഎസ് ഫുട്ബോൾ ഒബ്സെർവേറ്ററിയും വിലയിരുത്തുന്ന താരത്തിനു പുതിയ കരാർ നൽകുമ്പോൾ പ്രതിഫലം കുത്തനെ ഉയർത്താതെ നിർവാഹമില്ല.
ആരാധകർക്ക് താരത്തിന്റെ പുതിയ കരാറിനെ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും ആലോചിക്കാതെ കളിക്കളത്തിലെ തന്റെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് വിനീഷ്യസ് ജൂനിയർ. ഈ സീസണിലിതു വരെ പന്ത്രണ്ടു ഗോളുകളും ഒൻപതു അസിസ്റ്റും സ്വന്തമാക്കിയ താരം മികച്ചൊരു പ്രൊഫെഷനലായി മാറുന്നത് റയൽ മാഡ്രിഡിന് വളരെ ഗുണകരമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.