Football in Malayalam

ലാ ലിഗയിൽ ചുവടിടറിയെങ്കിലും പതറാതെ സിദാൻ, അവസാനം വരെ കിരീടത്തിനായി പൊരുതുമെന്ന് റയൽ പരിശീലകൻ

Sreejith N
സിനദിൻ സിദാൻ
സിനദിൻ സിദാൻ / Soccrates Images/Getty Images
facebooktwitterreddit

ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ചുവടു പതറിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ പൂർണമായും തൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ സിനദിൻ സിദാൻ. പരിക്കും മറ്റു പ്രശ്‌നങ്ങളും മൂലം നിരവധി സീനിയർ താരങ്ങളെ നഷ്ടമായതു കൊണ്ട് പരിചയസമ്പന്നത കുറഞ്ഞ സ്ക്വാഡുമായി കളിക്കേണ്ടി വന്ന റയൽ മാഡ്രിഡ് ഗെറ്റാഫക്കെതിരെ ഒരു പോയിന്റ് സ്വന്തമാക്കിയത് നേട്ടമാണെന്നും അവസാനം വരെ കിരീടത്തിനായി ടീം പൊരുതുമെന്നും സിദാൻ പറഞ്ഞു.

"ഈ സാഹചര്യങ്ങളെ ഞങ്ങൾ മറികടക്കുക തന്നെ ചെയ്യും," ടീമിൽ വേണ്ടത്ര താരങ്ങളെ ലഭ്യമല്ലാത്തതിനെ കുറിച്ച് സിദാൻ പറഞ്ഞു. "ഞങ്ങൾക്ക് യാതൊരു തരത്തിലും അതിരുകളില്ല, സീസണിന്റെ അവസാനം വരെ ഞങ്ങൾ പോരാട്ടം തുടരും," മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സിദാൻ പറഞ്ഞു.

"മാനസികമായി ഞങ്ങൾ മികച്ചു നിൽക്കുന്നുണ്ട്. വേണ്ടത്ര വിശ്രമം നേടിയെടുത്തത് മുന്നോട്ടു പോവുകയാണു വേണ്ടത്. ഈ മത്സരം ഇങ്ങനെ കടന്നു പോയി. കളിക്കാരെ ഞാൻ അഭിനന്ദിക്കുന്നു, ടീമിന് ഇനിയും മുന്നോട്ടു പോകാനുണ്ട്."

സീനിയർ താരങ്ങളിൽ പലർക്കും മത്സരം നഷ്ടമായതിനെ തുടർന്ന് വിക്ടർ ഷുസ്റ്റ്, അന്റോണിയോ ബ്ലാങ്കോ, സെർജിയോ അരിബാസ് എന്നിവർക്ക് ഗെറ്റാഫക്കെതിരെ സിദാൻ അവസരം നൽകിയിരുന്നു. യുവതാരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച സിദാൻ, ഷുസ്റ്റിന്റെ പ്രകടനത്തെ പ്രത്യേകം പരാമർശിക്കുകയും ചെയ്‌തു.

മത്സരത്തിൽ സമനില വഴങ്ങിയതോടെ മുപ്പത്തിയൊന്നു മത്സരങ്ങളിൽ നിന്നും 67 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡുമായി മൂന്നു പോയിന്റ് വ്യത്യാസത്തിലാണ് റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം ഒരു മത്സരം കുറവ് കളിച്ച് 65 പോയിന്റുമായി മൂന്നാമത് നിൽക്കുന്ന ബാഴ്‌സലോണക്ക് റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ അവസരമുണ്ട്.


facebooktwitterreddit