Transfers

ബ്രസീൽ ടീമിൽ സ്ഥാനമുറപ്പിക്കാൻ മിലിറ്റാവോയുടെ നീക്കം, റയലിനു താരത്തെ നഷ്‌ടമായേക്കും

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ബ്രസീലിയൻ പ്രതിരോധതാരമായ എഡർ മിലിറ്റാവോയെ ടീമിൽ നിലനിർത്താൻ റയലിനു വളരെയധികം താൽപര്യമുണ്ടെങ്കിലും സമ്മറിൽ ക്ലബ് വിടുന്ന കാര്യം താരം പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർക്കു പിന്നിൽ റയൽ പ്രതിരോധനിരയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് താരം അടുത്ത സീസണിൽ സ്ഥിരമായി ആദ്യ ഇലവനിൽ ഇടമുറപ്പുള്ള ഏതെങ്കിലും പ്രധാന ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതെന്ന് ഗോൾ റിപ്പോർട്ട് ചെയ്യുന്നു.

50 മില്യൺ യൂറോ മുടക്കിയാണ് പോർട്ടോയിൽ നിന്നും മിലിറ്റാവോയെ റയൽ 2019ൽ സ്വന്തമാക്കുന്നത്. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും കളിക്കാൻ കഴിയുന്ന താരത്തിനു മികച്ച കഴിവുകളുള്ളതു കൊണ്ടു തന്നെ ആറു വർഷത്തെ കരാറാണ് റയൽ മാഡ്രിഡ് നൽകിയത്. എന്നാൽ ഇതുവരെയും ടീമിൽ സ്ഥിരസാന്നിധ്യമാവാൻ ഇരുപത്തിമൂന്നുകാരനായ താരത്തിന് കഴിഞ്ഞിട്ടില്ല.

മിലിറ്റാവോക്ക് റയൽ മാഡ്രിഡിൽ ഭാവിയുണ്ടെന്ന് ക്ലബ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും അടുത്ത സീസണിലും അവസരങ്ങൾ കുറയുന്നത് പ്രതിഭയുള്ള ഫുട്ബോൾ താരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെടുത്തുമെന്ന ഭയമാണ് ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത്. ബയേൺ മ്യൂണിക്കിന് താരത്തിൽ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രധാന പ്രതിരോധ താരങ്ങളായ റാമോസിന്റെയും വരാനെയുടെയും അഭാവത്തിൽ റയൽ മാഡ്രിഡിനു വേണ്ടി കഴിഞ്ഞ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മിലിറ്റാവോയും നാച്ചോയുമാണ് ഇറങ്ങിയത്. രണ്ടു മത്സരങ്ങളിലും പ്രതിരോധനിര മികച്ചു നിന്നതു കൊണ്ടു തന്നെ ബ്രസീലിയൻ താരത്തിന് കൂടുതൽ അവസരം നൽകണമെന്ന് മുൻ താരങ്ങളടക്കമുള്ളവർ ആവശ്യപ്പെടുന്നുണ്ട്.

അവസരങ്ങൾ കുറയുന്നതു മൂലം ക്ലബ് വിടുകയാണെങ്കിൽ താരത്തിന് നല്ലൊരു തുക ട്രാൻസ്‌ഫർ ഫീസായി റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ റാമോസിന്റെയും വരാനെയുടെയും ക്ലബിലെ ഭാവി സംബന്ധിച്ച് തീരുമാനമായാൽ മാത്രമേ മിലിറ്റാവോയുടെ കാര്യത്തിൽ റയലും തീരുമാനമെടുക്കുന്നുണ്ടാകൂ.

facebooktwitterreddit