ബെർണാബുവിൽ അട്ടിമറി ലക്ഷ്യമിട്ട് ചെൽസി ഇറങ്ങുന്നു, റയൽ മാഡ്രിഡിന്റെയും ചെൽസിയുടെയും സാധ്യത ഇലവൻ അറിയാം


ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ കരിം ബെൻസിമ ഹാട്രിക്കുമായി തകർത്തു കളിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ചെൽസിയുടെ മൈതാനത്ത് റയൽ മാഡ്രിഡ് നേടിയത്. ഇന്നു രാത്രി നടക്കുന്ന രണ്ടാംപാദ മത്സരത്തിനായി ബെർണാബുവിൽ ഇറങ്ങുമ്പോൾ അതിനെ മറികടക്കാൻ വേണ്ടി തന്നെയാവും നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ ശ്രമം.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് സ്വന്തം മൈതാനത്ത് രണ്ടാംപാദ മത്സരത്തിനായി ഇറങ്ങുമ്പോൾ ആദ്യപാദ മത്സരത്തിലെ മികച്ച വിജയം വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ബെർണാബുവിൽ നടന്ന അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു കീഴടക്കിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതെന്നതും റയൽ മാഡ്രിഡിന് കൂടുതൽ കരുത്തു നൽകുന്നതാണ്.
എന്നാൽ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിലെ ചെൽസിയുടെ വമ്പൻ ജയം റയൽ മാഡ്രിഡിന് മുന്നറിയിപ്പു നൽകുന്നതാണ്. സൗത്താംപ്റ്റണിന്റെ മൈതാനത്ത് അവർക്കെതിരെ ആറു ഗോളുകളുടെ വിജയമാണ് ചെൽസി കുറിച്ചത്. റയൽ മാഡ്രിഡ് സൗത്താംപ്റ്റനേക്കാൾ വളരെയധികം കരുത്തു കൂടിയ ടീമാണെങ്കിലും കഴിഞ്ഞ മത്സരം നൽകിയ ആത്മവിശ്വാസം ചെൽസിയെ കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ടു കുതിക്കാൻ സഹായിക്കും. എന്നാൽ ലുക്കാക്കു പരിക്കു മൂലം പുറത്താണെന്നത് അവർക്ക് തിരിച്ചടി നൽകുന്നു.
റയൽ മാഡ്രിഡും ഇരട്ടി ആത്മവിശ്വാസവുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ആദ്യപാദത്തിലെ മികച്ച വിജയത്തിനു പുറമെ കഴിഞ്ഞ ലീഗ് മത്സരത്തിൽ ഗെറ്റാഫക്കെതിരെ അവർ വിജയം നേടിയിരുന്നു. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം പന്ത്രണ്ടായി തുടരുകയാണ്. ഇനി നാല് മത്സരങ്ങൾ കൂടി വിജയിച്ചാൽ ലീഗ് കിരീടം അവർക്ക് സ്വന്തമാക്കാൻ കഴിയും.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ റയൽ മാഡ്രിഡിനു തന്നെയാണ് മുൻതൂക്കമെങ്കിലും ചെൽസിയെ പൂർണമായും എഴുതിത്തള്ളാൻ കഴിയില്ല. ബെർണാബുവിൽ ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരുമെന്ന് ടുഷെൽ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും മികച്ച രീതിയിൽ തന്ത്രങ്ങളൊരുക്കാൻ കഴിയുന്ന രണ്ടു പരിശീലകരാണ് രണ്ടു ടീമുകളിലും ഉള്ളതെന്നതിനാൽ മികച്ചൊരു മത്സരം ആരാധകർക്ക് പ്രതീക്ഷിക്കാൻ കഴിയും.
ഇന്ത്യൻ സമയം ഏപ്രിൽ 12നു രാത്രി 12.30നാണ് റയൽ മാഡ്രിഡും ചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടം. സോണി ടെൻ 2, സോണി ടെൻ 2 എച്ച്ഡി എന്നീ ചാനലുകളിലൂടെയും സോണി ലൈവ്, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും മത്സരം കാണാം.
റയൽ മാഡ്രിഡ് സാധ്യത ഇലവൻ:
ഗോൾകീപ്പർ: തിബോ ക്വാർട്ടുവ
പ്രതിരോധനിര: കാർവഹാൾ, നാച്ചോ, അലബ, മെൻഡി
മധ്യനിര: കസെമീറോ, ക്രൂസ്, മോഡ്രിച്ച്
മുന്നേറ്റനിര: അസെൻസിയോ, ബെൻസിമ, വിനീഷ്യസ്
ചെൽസി സാധ്യത ഇലവൻ:
ഗോൾകീപ്പർ: ഫെർലൻഡ് മെൻഡി
പ്രതിരോധനിര: ക്രിസ്റ്റ്യൻസെൻ, സിൽവ, റുഡിഗർ
മധ്യനിര: ജെയിംസ്, കൊവാസിച്ച്, കാന്റെ, അലോൺസോ
മുന്നേറ്റനിര: ടിമോ വെർണർ, മേസൺ മൗണ്ട്, കയ് ഹാവേർട്സ്
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.