എർലിങ് ഹാലൻഡിനു റയൽ മാഡ്രിഡിനോടു താൽപര്യമുണ്ടെന്ന് ബൊറൂസിയ ഡോർട്മുണ്ട് ഡയറക്ടർ

Sreejith N
Bayer 04 Leverkusen v Borussia Dortmund - Bundesliga
Bayer 04 Leverkusen v Borussia Dortmund - Bundesliga / Joosep Martinson/Getty Images
facebooktwitterreddit

തകർപ്പൻ ഫോമിൽ കളിച്ച് യൂറോപ്പിലെ പ്രധാന ക്ലബുകളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ എർലിങ് ബ്രൂട് ഹാലാൻഡിനു സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡിനോടു താൽപര്യമുണ്ടെന്ന് ബൊറൂസിയ ഡോർട്മുണ്ട് ഡയറക്റ്ററായ ഹാൻസ് ജോക്കിം വാറ്സ്കേ. അടുത്ത സമ്മറിൽ താരത്തെയും എംബാപ്പയെയും റയൽ മാഡ്രിഡ് ഒരുമിച്ചു സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിന്റെ ഇടയിലാണ് ഈ വെളിപ്പെടുത്തലെന്നതു ശ്രദ്ധേയമാണ്.

ഈ സമ്മറിൽ തന്നെ ഏതാനും ക്ലബുകൾ ഹാലൻഡിനു വേണ്ടി ശ്രമം നടത്തിയിരുന്നു എങ്കിലും താരത്തെ വിട്ടുനൽകില്ലെന്ന നിലപാടായിരുന്നു ജർമൻ ക്ലബിന്റേത്. എന്നാൽ ഈ സീസൺ അവസാനിക്കുന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ളോസ് എഴുപതു മില്യൺ യൂറോയായി കുറയുമെന്ന റിപ്പോർട്ടുകൾ ശക്തമാണെന്നിരിക്കെ, അതു സംഭവിച്ചാൽ യൂറോപ്പിലെ ഒട്ടുമിക്ക ക്ലബുകളും നോർവേ താരത്തിനായി ശ്രമം നടത്തുമെന്ന കാര്യം ഉറപ്പാണ്.

"ഹാലൻഡ് സ്വതന്ത്രനായ ഒരു വ്യക്തിത്വമാണ്. എന്തായാലും താരം ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നിൽ കളിക്കും. നിലവിൽ തന്നെ താരം ലോകത്തിലെ മികച്ച ക്ലബുകളിൽ ഒന്നിലാണെങ്കിലും. എന്നാൽ തീർച്ചയായും എനിക്കറിയാം റയൽ മാഡ്രിഡ് താരത്തെ ആകർഷിക്കുന്നുണ്ടെന്ന്." സ്‌പോർട് വണിനോട് വാറ്സ്കേ പറഞ്ഞു.

അതേസമയം അടുത്ത സമ്മറിൽ ഹാലൻഡിനെ വിൽക്കാൻ ഡോർട്മുണ്ട് ഇപ്പോൾ തന്നെ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. താരം അടുത്ത സമ്മറിൽ ക്ലബ് വിടുമെന്ന കാര്യം തന്നെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നും അതു ഹാലൻഡ്‌ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വാറ്സ്കേ വ്യക്തമാക്കി.

അതേസമയം താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മിനോ റയോള നടത്തുന്ന ഇടപെടലുകൾ തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റയോളയുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയല്ല, മറിച്ച് കളിക്കാരന്റെ മെച്ചപ്പെടലാണ് ആഗ്രഹിക്കുന്നതെന്നും വാറ്സ്കേ പറഞ്ഞു.

facebooktwitterreddit