Football in Malayalam

90Min Exclusive: എംബാപ്പെയെ സ്വന്തമാക്കുന്ന കാര്യത്തിൽ പി എസ് ജിയുമായി ചർച്ചകൾ ആരംഭിക്കാനൊരുങ്ങി റയൽ മാഡ്രിഡ്

By Gokul Manthara
TOPSHOT-FBL-FRA-LIGUE1-PSG-BORDEAUX
TOPSHOT-FBL-FRA-LIGUE1-PSG-BORDEAUX / MARTIN BUREAU/Getty Images
facebooktwitterreddit

ഫ്രഞ്ച് യുവതാരം കെയ്ലിൻ എംബാപ്പെയെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനായി പല ശ്രമങ്ങളും റയൽ നടത്തിയതായി മുൻപ് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും പി എസ് ജി താരമായ എംബാപ്പെയെ സ്വന്തമാക്കാനുള്ള അവരുടെ നീക്കങ്ങളൊന്നും ഇതു വരെ ഫലം കണ്ടില്ല. എന്നാൽ ഇപ്പോളിതാ എംബാപ്പെയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്ന് റയൽ പിന്മാറിയിട്ടില്ലെന്നും താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച അവർ, പി എസ് ജിയുമായി ചർച്ചകൾ ആരംഭിക്കുമെന്നും 90Min ന് സൂചനകൾ ലഭിച്ചിരിക്കുന്നു.

നിലവിൽ പി എസ് ജിയുമായി ഒരു വർഷത്തെ കരാറാണ് എംബാപ്പെക്ക് ബാക്കിയുള്ളത്. ഇത് കൊണ്ടു തന്നെ അദ്ദേഹവുമായി പുതിയ കരാർ ഒപ്പുവെക്കാൻ പി എസ് ജി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പി എസ് ജിയിൽ തുടരാൻ എംബാപ്പെക്ക് താല്പര്യമില്ലെന്നും അദ്ദേഹം അത് ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് 90 Min മനസിലാക്കുന്നത്. ഇത് കൊണ്ട് താരത്തെ ഇക്കുറി വിൽക്കാൻ പി എസ് ജി തയ്യാറാകാനുള്ള സാധ്യതയും കൂടുതലാണ്. അല്ലെങ്കിൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി എംബാപ്പെയെ ക്ലബ്ബിന് നഷ്ടപ്പെടുത്തേണ്ടി വരും.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിലൊരാളായ എംബാപ്പെക്ക് 150 മില്ല്യൺ പൗണ്ട് പി എസ് ജി വിലയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് വളരെ ഉയർന്ന തുകയാണെങ്കിലും എംബാപ്പെയെ ഏത് വിധേനയും ടീമിലെത്തിക്കാൻ താല്പര്യപ്പെടുന്ന റയൽ, ട്രാൻസ്ഫർ കാര്യത്തിൽ അടുത്ത ആഴ്ച തന്നെ പി എസ് ജിയുമായി ചർച്ചകൾ ആരംഭിക്കുമെന്നാണ് സ്പാനിഷ് ക്ലബ്ബുമായി അടുത്ത വൃത്തങ്ങൾ 90Min നോട് പറഞ്ഞിരിക്കുന്നത്.

അതേ സമയം ഭാവിയിൽ ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്ന താരങ്ങളിലൊരാളായി ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന കളികാരനാണ് കെയ്ലിൻ എംബാപ്പെ. സീനിയർ ക്ലബ്ബ് കരിയറിൽ ഇതു വരെ 234 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിരണ്ടുകാരൻ, 162 ഗോളുകൾ അടിച്ചു കൂട്ടിയതിനൊപ്പം, 79 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. ഈ ചെറിയ പ്രായത്തിനിടെ ഇത്ര മികച്ച റെക്കോർഡുള്ള എംബാപ്പെയെ സ്വന്തമാക്കാനായാൽ അത് റയലിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit