റുഡിഗൾപ്പെടെയുള്ള താരങ്ങളെ ക്ലബിലെത്തിക്കാന്‍ 4 താരങ്ങളെ വില്‍ക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്

ചെല്‍സിയുടെ ജര്‍മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമിലെത്തിക്കുന്നതിന് 4 താരങ്ങളെ റയല്‍ മാഡ്രിഡ് വില്‍ക്കാനൊരുങ്ങുന്നു. അവസാന അഞ്ചു വര്‍ഷമായി ചെല്‍സിയുടെ പ്രതിരോധത്തിലെ പ്രധാനപ്പെട്ട താരമായ റുഡിഗറിനെയാണ് റയല്‍ മാഡ്രിഡ് പ്രതിരോധ നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ്, എഫ്.എ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായ താരമാണ് റുഡിഗര്‍.
2017ല്‍ 29 മില്യന്‍ യൂറോക്ക് റോമയില്‍ നിന്നായിരുന്നു റുഡിഗർ ചെല്‍സിയിലെത്തിയത്. മികച്ച പ്രകടനം കണക്കിലെടുത്ത് റുഡിഗറിന്റെ കരാര്‍ നീട്ടാനുള്ള ഒരുക്കത്തിലാണ് തോമസ് ടുഷലും ക്ലബ് മാനേജ്മെന്റും. എന്നാൽ, അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന താരത്തിന് വേണ്ടി ബയേണ്‍ മ്യൂണിക്, പി.എസ്.ജി തുടങ്ങിയ ക്ലബുകളും രംഗത്തുണ്ട്. ഇതിനിടയിലേക്കാണ് റയല്‍ മാഡ്രിഡ് എത്തുന്നത്. സ്പാനിഷ് മാധ്യമമായ എ.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെര്‍ജിയോ റാമോസും റാഫേല്‍ വരാനെയും ക്ലബ് വിട്ടതോടെ റയല്‍ മാഡ്രിഡിന്റെ സെന്റര്‍ ബാക്കിലേക്ക് മികച്ചൊരു താരത്തെയാണ് ആന്‍സലോട്ടി തിരയുന്നത്. അതില്‍ റൂഡിഗറിന്റെ പേരാണ് ആദ്യമുള്ളത്.
ഈ സീസണ് അവസാനത്തോടെ വെയില്‍സ് താരം ഗരത് ബെയില്‍, സ്പാനിഷ് താരം ഇസ്കോ, ബ്രസീലിയന്‍ താരം മാഴ്സലോ തുടങ്ങിയ താരങ്ങളെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. പകരം റൂഡിഗര്‍ ഉള്‍പ്പെടെയുള്ള പല താരങ്ങളേയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റയല്‍ മാഡ്രിഡ്. ചെല്‍സിയിലെ റൂഡിഗന്റെ സഹതാരമായിരുന്ന ഈഡൻ ഹസാര്‍ഡും ഒരുപക്ഷെ ഈ സമ്മറോടെ റയലിൽ നിന്ന് പുറത്തായേക്കും.