Transfers

ചെൽസി താരം റീസ് ജെയിംസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങളാരംഭിച്ചു

Sreejith N
Real Madrid Targetting Chelsea's Reece James
Real Madrid Targetting Chelsea's Reece James / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ചെൽസി ഫുൾബാക്കായ റീസ് ജെയിംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഈ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലല്ല, അടുത്ത സീസണു ശേഷമാണ് റീസ് ജെയിംസിനെ ചെൽസിയിൽ നിന്നും ടീമിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നതെന്ന് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ ചെൽസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇരുപത്തിരണ്ടു വയസു മാത്രമുള്ള റീസ് ജെയിംസ്. ചെൽസിയുടെ ഭാവി ടീമിനെ വാർത്തെടുക്കുമ്പോൾ അതിലെ പ്രധാനിയാകാൻ കഴിവുള്ള റീസ് ജെയിംസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് അത്രയെളുപ്പവും ആയിരിക്കില്ല. 2025 വരെ റീസ് ജെയിംസിന് ചെൽസിയുമായി കരാറുമുണ്ട്.

ടീമിലെ പ്രധാന താരങ്ങളാണെങ്കിലും റീസ് ജെയിംസും മേസൺ മൗണ്ടും വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങളല്ല. ചെൽസിയെ പുതിയ ഉടമകൾ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ അതു നടന്നാൽ ഈ താരങ്ങൾക്ക് പുതിയ കരാർ നൽകാനുള്ള സമ്മർദ്ദമുണ്ടാകും. പ്രതിഫലം വർധിപ്പിച്ചു കൊണ്ടുള്ള പുതിയ കരാർ നൽകിയില്ലെങ്കിൽ ക്ലബ് വിടുന്ന കാര്യം താരങ്ങൾ പരിഗണിച്ചേക്കാം.

റീസ് ജെയിംസിനെ പക്ഷെ ഈ സമ്മറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ല. അടുത്ത സീസണിലേക്കായി പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ, ചെൽസിയുടെ തന്നെ പ്രതിരോധതാരമായ അന്റോണിയോ റുഡിഗർ, മൊണോക്കോ മിഡ്‌ഫീൽഡർ ഒറേലിയൻ ഷുവാമെനി എന്നിവരാണ് റയൽ മാഡ്രിഡിന്റെ ലിസ്റ്റിലുള്ളത്. ഇതിൽ റുഡിഗർ ചെൽസിയിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചെൽസിക്കെതിരെ ബ്രിട്ടീഷ് ഗവണ്മെന്റ് എടുത്ത നടപടികളുടെ ഭാഗമായി താരങ്ങളെ നിലനിർത്തുന്നതിൽ വലിയ പ്രതിസന്ധിയാണ് ക്ലബ് നേരിടുന്നത്. നിലവിൽ ക്രിസ്റ്റിൻസെൻ, റുഡിഗർ എന്നീ താരങ്ങൾ ചെൽസി വിടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനു പുറമെ ആസ്പ്ലികുയറ്റയെ ബാഴ്‌സലോണയും ജോർജിന്യോയെ യുവന്റസും നോട്ടമിടുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit