Real Madrid News

അടുത്ത സീസണിലെ പ്രധാനലക്ഷ്യം പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്നു റയൽ മാഡ്രിഡ് താരങ്ങളോട് വ്യക്തമാക്കി ആൻസലോട്ടി

Sreejith N
Real Madrid Targets 15th Champions League Win Next Season
Real Madrid Targets 15th Champions League Win Next Season / Jonathan Moscrop/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിലേക്കുള്ള കാർലോ ആൻസലോട്ടിയുടെ രണ്ടാം വരവിൽ രണ്ടു പ്രധാന കിരീടങ്ങളാണ് ക്ലബ് സ്വന്തമാക്കിയത്. ലാ ലിഗ കിരീടം വലിയ ഭീഷണിയില്ലാതെ മികച്ച പോയിന്റ് വ്യത്യാസത്തിൽ നേടിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ മുതൽ പിന്നിൽ നിന്നും തിരിച്ചടിച്ച് ഐതിഹാസിക വിജയങ്ങൾ നേടിയാണ് കിരീടം സ്വന്തമാക്കിയത്.

എന്നാൽ കഴിഞ്ഞ സീസണിലെ വിജയങ്ങളിൽ അഭിരമിക്കാൻ റയൽ മാഡ്രിഡ് താരങ്ങൾക്ക് ആൻസലോട്ടിയും ക്ലബ് നേതൃത്വവും അവസരം നൽകുന്നില്ല. സ്‌പാനിഷ്‌ മാധ്യമം മാർക്കയുടെ റിപ്പോർട്ട് പ്രകാരം അടുത്ത സീസണിൽ പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അതിൽ കുറഞ്ഞതിലൊന്നും സംതൃപ്‌തരാകാൻ കഴിയില്ലെന്നും ആൻസലോട്ടി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ആൻസലോട്ടി റയൽ മാഡ്രിഡിന്റെ സ്ഥാനം ഏറ്റെടുക്കുമ്പോൾ ടീമിന്റെ കെട്ടുറപ്പിനെക്കുറിച്ച് ഏവർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ മറികടന്ന് ഒറ്റക്കെട്ടായി നിന്നു പൊരുതിയാണ് റയൽ മാഡ്രിഡ് വിജയങ്ങൾ സ്വന്തമാക്കിയത്. സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ വരാത്തതിനാൽ അടുത്ത സീസണിലും അതിനു കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ച ബെൻസിമ, വിനീഷ്യസ്, ക്വാർട്ടുവ, മോഡ്രിച്ച്, ക്രൂസ്, കാസമീറോ തുടങ്ങിയ താരങ്ങളെല്ലാം വരുന്ന സീസണിലും റയൽ മാഡ്രിഡിനൊപ്പമുണ്ട്. ഇതിനു പുറമെ അന്റോണിയോ റുഡിഗർ, ചുവാമെനി എന്നിവരെക്കൂടി ടീമിന്റെ ഭാഗമാക്കിയ റയൽ മാഡ്രിഡ് കൂടുതൽ കരുത്തോടെ തന്നെയാണ് അടുത്ത സീസണു വേണ്ടി ഒരുങ്ങുന്നത്.

വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ ലീഗിലെ പ്രധാന എതിരാളികളായ ബാഴ്‌സലോണയെയാണ് റയൽ മാഡ്രിഡ് നേരിടുന്നത്. ഇന്ത്യൻ സമയം ജൂലൈ ഇരുപത്തിനാലിനു രാവിലെ 8.30നു നടക്കുന്ന മത്സരത്തിൽ വിജയം നേടി സീസണു മികച്ച തുടക്കം നൽകുക തന്നെയാണ് റയൽ മാഡ്രിഡിന്റെ ലക്ഷ്യം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit