Football in Malayalam

ഹാലൻഡിനെയും എംബാപ്പയെയും സ്വന്തമാക്കാൻ റയൽ വമ്പൻമാരെ ഒഴിവാക്കും, നാല് താരങ്ങളുടെ ട്രാൻസ്ഫർ പരിഗണിക്കുന്നേയില്ല

Sreejith N
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two / Shaun Botterill/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു കളിക്കാരനെ പോലും സ്വന്തമാക്കാതെ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞെങ്കിലും അടുത്ത സമ്മറിൽ ടീമിൽ വലിയ മാറ്റങ്ങൾക്കാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നതെന്നു റിപ്പോർട്ടുകൾ. ഹാലാൻഡ്, എംബാപ്പെ എന്നീ താരങ്ങളെ സ്വന്തമാക്കുന്നതിനായി പല പ്രധാന കളിക്കാരെയും വിൽക്കാനൊരുങ്ങുന്ന റയൽ മാഡ്രിഡ് ടീമിൽ നാല് കളിക്കാരെ മാത്രമേ ട്രാൻസ്ഫറിനു പോലും പരിഗണിക്കാതെ ടീമിൽ നിലനിർത്തുകയുള്ളുവെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ഈ സീസണിൽ റയലിന്റെ കുതിപ്പിൽ നിർണായക സാന്നിധ്യമായ ടോണി ക്രൂസ്, ക്വാർട്ടുവ, ലൂക്ക മോഡ്രിച്ച്, കരീം ബെൻസിമ എന്നിവരെയാണ് ട്രാൻസ്ഫറിന് പോലും പരിഗണിക്കാതെ റയൽ മാഡ്രിഡ് ടീമിൽ നിലനിർത്താൻ പോകുന്നത്. ഇതിനു പുറമെ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ, ഫെഡറികോ വാൽവെർദെ, റോഡ്രിഗോ, എന്നിവർക്കൊപ്പം ആഴ്‌സണലിലെ ലോൺ കഴിഞ്ഞ് മടങ്ങിയെത്തുന്ന ഒഡേഗാർഡും അടുത്ത സീസണിൽ ടീമിൽ തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യങ്ങളായ ഹാലൻഡിനെയും എംബാപ്പയെയും സ്വന്തമാക്കാൻ വേണ്ടി ഒഴിവാക്കാൻ സാധ്യതയുള്ള താരങ്ങളിൽ പ്രതിരോധതാരം റാഫേൽ വരാനെയുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമുള്ള ഫ്രഞ്ച് പ്രതിരോധതാരത്തിനായി 70 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് ട്രാൻസ്‌ഫർ ഫീസായി പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമെ ടോട്ടനം ഹോട്സ്പറിൽ ലോണിൽ കളിക്കുന്ന, കനത്ത പ്രതിഫലം വാങ്ങുന്ന ഗാരെത് ബെയിൽ, കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റു താരങ്ങളായ മാഴ്‌സലോ, ഇസ്‌കോ എന്നിവരെയും റയൽ മാഡ്രിഡ് ഒഴിവാക്കിയേക്കും. കൂടാതെ അൽവാരോ ഓഡ്രിയോസോള, മരിയാനോ ഡയസ്, ലൂക്ക ജോവിച്ച് എന്നിവരെല്ലാം സമ്മറിൽ റയലിനു പുറത്തേക്കുള്ള വഴി കാണാനാണ് സാധ്യത.

കോവിഡ് മഹാമാരി മൂലം 800 മില്യൺ യൂറോക്കടുത്ത് ബാധ്യത വന്നതു കൊണ്ടാണ് പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഇത്രയും കളിക്കാരെ വിൽക്കുന്ന കാര്യം റയൽ പരിഗണിക്കുന്നത്. ഇതുകൂടാതെ ബെർണാബുവിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രയാസങ്ങളും റയലിനുണ്ട്.


facebooktwitterreddit