എർലിങ് ഹാളണ്ടിനെ സ്വന്തമാക്കുന്നതിൽ മറ്റു ക്ലബുകളേക്കാൾ മുന്നിലെത്തി റയൽ മാഡ്രിഡ്

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ടിനെ സ്വന്തമാക്കുന്നതിനായുള്ള ചരടുവലികൾ ശക്തമാക്കി റയൽ മാഡ്രിഡ്. ഇതിനായി കഴിഞ്ഞ ദിവസം മൊണോക്കോയില്‍ റയല്‍ മാഡ്രിഡ് അധികൃതര്‍ താരത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ള സംഘവുമായി ചര്‍ച്ച നടത്തിയതായി സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.
ഹാളണ്ടിന്റെ ഏജന്റുമായി റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കുന്നതിനുള്ള മുന്‍ഗണന കരാര്‍ ഒപ്പിട്ടുണ്ടെന്നും ഇതോടെ ഡോര്‍ട്മുണ്ട് താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ ഉള്‍പ്പെടെയുള്ള ക്ലബുകളേക്കാള്‍ റയല്‍ മാഡ്രിഡ് ഒരുപടി മുന്നിലെത്തിയെന്നും സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ പ്രധാന കൂടിക്കാഴ്ചക്കായി റയല്‍ മാഡ്രിഡ് പ്രതിനിധികള്‍ മൊണോക്കോയിലേക്ക് പോയിരുന്നെന്നും, താരത്തിന്റെ ഏജന്റായ മിനോ റയോളയുടെ വലംകൈയായ റാഫേല്‍ പിമെന്റെയും താരത്തിന്റെ പിതാവ് ആല്‍ഫ്-ഇംഗെ ഹാളണ്ടുമായി അവർ സംസാരിച്ചിട്ടുണ്ടെന്നും സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആ ചർച്ചയിൽ ഹാളണ്ടിൽ താത്പര്യമുള്ള മറ്റു ക്ലബുകളുമായുള്ള ചർച്ചകൾ തടയാനുള്ള ധാരണയിലെത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ, ഹാളണ്ട് ഡോർട്മുണ്ട് വിടുമ്പോൾ, താരത്തെ സ്വന്തമാക്കാൻ റയലിന് മുൻഗണന ലഭിക്കും.
2024 വരെ ബൊറൂസിയ ഡോർട്മുണ്ടുമായി കരാറുണ്ടെങ്കിലും, ഹാളണ്ടിന്റെ കരാറിലുള്ള റിലീസ് ക്ലോസ് ഈ സമ്മറോട് കൂടെ നിലവിൽ വരും. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ എന്ന നിലയിലേക്ക് വളർന്ന ഹാളണ്ടിനെ അതിനാൽ തന്നെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ്, മറ്റു ക്ലബുകളുടെ നീക്കങ്ങൾക്ക് തടയിട്ട് ഹാളണ്ടിന്റെ പ്രതിനിധികളുമായി താരത്തെ സ്വന്തമാക്കുന്നതിനായുള്ള മുൻഗണന കരാറിൽ റയൽ എത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.