എൽ ക്ലാസിക്കോയിൽ നാണക്കേടിന്റെ റെക്കോർഡുമായി കൂമാൻ, ശ്രദ്ധേയ നേട്ടം കരസ്ഥമാക്കി റയൽ മാഡ്രിഡ്

FBL-ESP-LIGA-BARCELONA-REAL MADRID
FBL-ESP-LIGA-BARCELONA-REAL MADRID / JOSEP LAGO/GettyImages
facebooktwitterreddit

2021-22 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിലും വിജയം കണ്ടതോടെ തുടർച്ചയായ നാല് എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ വിജയമെന്ന ശ്രദ്ധേയ നേട്ടത്തിലെത്തി റയൽ മാഡ്രിഡ്. 56 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് എൽ ക്ലാസിക്കോയിൽ റയലിന് ഇത്ര മികച്ചൊരു വിജയ സ്പെൽ ലഭിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ബാഴ്സലോണക്കെതിരെ നടന്ന മത്സരത്തിൽ 2-0 ന് വിജയിച്ച റയൽ പോയ സീസണിൽ അവർക്കെതിരെ കളിച്ച മത്സരങ്ങളിൽ 3-1, 2-1 എന്ന സ്കോറുകൾക്ക് വിജയം കണ്ടിരുന്നു. ബാഴ്സലോണക്കെതിരായ അവസാന മൂന്ന്‌ മത്സരങ്ങളിലും ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഈ സീസണിലെ ആദ്യ ക്ലാസിക്കോക്കിറങ്ങിയ റയൽ വിജയ‌ സ്പെൽ തുടർച്ചയായ നാലാം മത്സരത്തിലേക്ക് നീട്ടുകയായിരുന്നു.

അതേ‌ സമയം സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ പരാജയം നുണഞ്ഞതോടെ നാണക്കേടിന്റെ റെക്കോർഡുകളിലൊന്നാണ് ബാഴ്സലോണ പരിശീലക‌ൻ റൊണാൾഡ് കൂമാന്റെ പേരിലായത്. കഴിഞ്ഞ സീസണിൽ കൂമാന് കീഴിൽ കളിച്ച രണ്ട് എൽക്ലാസിക്കോ മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ഇക്കുറിയും റയലിനെതിരെ പരാജയം തുടർന്നതോടെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് ആദ്യ മൂന്ന് ക്ലാസിക്കോ മത്സരങ്ങളും പരാജയപ്പെടുന്ന രണ്ടാമത്തെ പരിശീലകനും, 1940 ന് ശേഷം ഈ നാണക്കേട് സ്വന്തമാക്കുന്ന ആദ്യ പരിശീലക‌നുമായി കൂമാൻ മാറുകയായിരുന്നു. 1935-1940 കാലഘട്ടത്തിൽ പാട്രിക്ക് ഒ കോണെൽ ആയിരുന്നു ഇതിന് മുൻപ് ഈ നാണക്കേട് സ്വന്തമാക്കിയ ബാഴ്സലോണ ബോസ്.

അതേ സമയം ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്നൗവിൽ നടന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഡേവിഡ് അലാബ, ലൂക്കാസ് വസ്ക്വസ് എന്നിവർ മത്സരത്തിൽ റയലിനായി വല കുലുക്കിയപ്പോൾ, സൂപ്പർ താരം സെർജിയോ അഗ്യൂറോയാണ് ബാഴ്സലോണയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.