എംബാപ്പെക്കു വേണ്ടി ആദ്യ ഓഫർ നൽകി റയൽ മാഡ്രിഡ്, നിരസിച്ച് പിഎസ്ജി


പിഎസ്ജിയുമായി കരാർ പുതുക്കാൻ തയ്യാറാവാത്ത കെയ്ലിൻ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ആദ്യത്തെ നീക്കം നടത്തിയെന്ന് റിപ്പോർട്ടുകൾ. ഇഎസ്പിഎൻ വെളിപ്പെടുത്തിയതു പ്രകാരം ഫ്രഞ്ച് മുന്നേറ്റനിര താരത്തിനു വേണ്ടി 160 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തത്. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ പിഎസ്ജി ഉടനെ തന്നെ നിരസിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇഎസ്പിഎൻ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം എംബാപ്പെക്കു വേണ്ടി പിഎസ്ജിയുമായി ചർച്ചകൾ നടത്തുന്നത് റയലിനെ സംബന്ധിച്ച് ദുഷ്കരമായ കാര്യമാണ്. എന്നാൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ പുതിയ കരാർ ഒപ്പിടുന്നതിനുള്ള പിഎസ്ജിയുടെ ഓഫറുകൾ എംബാപ്പെ നിരസിച്ചു കൊണ്ടിരിക്കുന്നതിനാൽ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ലോസ് ബ്ലാങ്കോസിനുണ്ട്.
Real Madrid have launched a €160 million offer to sign Kylian Mbappe, which has been immediately rejected by Paris Saint-Germain, different sources have told ESPN. https://t.co/H05zuwD5HD
— ESPN (@espn) August 24, 2021
അതേസമയം താരത്തിനു വേണ്ടിയുള്ള ഓഫർ തുക റയൽ മാഡ്രിഡ് വർധിപ്പിച്ചാൽ പിഎസ്ജി അതു പരിഗണിക്കാൻ തയ്യാറാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ നൽകിയിട്ടുള്ള 160 മില്യൺ യൂറോയുടേതിനു പകരം 200 മില്യൺ യൂറോയുടെ ബിഡ് റയൽ മാഡ്രിഡ് നൽകിയാൽ താരത്തെ വിട്ടുകൊടുക്കുന്ന കാര്യം പിഎസ്ജി ചിന്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന എംബാപ്പയെ നിലനിർത്താൻ വേണ്ടി സജീവമായ ശ്രമങ്ങളാണ് പിഎസ്ജി നടത്തിയത്. ലയണൽ മെസിയെ ടീമിലെത്തിച്ചത് ഫ്രഞ്ച് താരം പുതിയ കരാർ ഒപ്പിടാൻ സഹായിക്കുമെന്ന് പിഎസ്ജി പ്രതീക്ഷിച്ചെങ്കിലും നൽകിയ ഓഫറുകൾ എംബാപ്പെ വേണ്ടെന്നു വെക്കുകയായിരുന്നു.
അതേസമയം എംബാപ്പെയുടെ കാര്യത്തിൽ റയൽ മുന്നോട്ടു പോകുന്നത് വളരെ കരുതലോടെയാണ്. താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇതിന്റെ പേരിൽ പിഎസ്ജിയുമായുള്ള നല്ല ബന്ധം തകർക്കാൻ അവർ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇരു ക്ലബുകൾക്കുമിടയിൽ ഇതൊരു അഭിമാന പോരാട്ടം ആകാനുള്ള സാധ്യത വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.