Football in Malayalam

ഒരു സീസൺ കൂടി പിഎസ്‌ജിക്കൊപ്പം തുടരാൻ വലിയ തുക വാഗ്‌ദാനം, എംബാപ്പയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്

Sreejith N
Paris Saint-Germain v AS Monaco - French Cup Final
Paris Saint-Germain v AS Monaco - French Cup Final / John Berry/Getty Images
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കെയ്‌ലിയൻ എംബാപ്പയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള നീക്കവുമായി റയൽ മാഡ്രിഡ്. ഇതിനായി താരത്തോട് ഒരു സീസൺ കൂടി പിഎസ്‌ജിയിൽ തുടരാൻ ലോസ് ബ്ളാങ്കോസ് ആവശ്യപ്പെട്ടുവെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്കയുടെ റിപ്പോർട്ട് പറയുന്നു. ഒരു സീസൺ കൂടി പിഎസ്‌ജിയിൽ തുടർന്നാൽ താരത്തെ സൈൻ ചെയ്യുമ്പോൾ 40 മില്യൺ യൂറോയും റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ഈ വരുന്ന സീസണോടെ പിഎസ്‌ജിയുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് എംബാപ്പെ കടക്കുകയാണ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം പിഎസ്‌ജി വിട്ട് റയലിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത ഇപ്പോൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തനിക്ക് താൽപര്യമില്ലെന്ന് എംബാപ്പെ മൗറീസിയോ പോച്ചട്ടിനോയോട് പറഞ്ഞതായി മാർക്ക കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടു ചെയ്‌തിരുന്നു. ഇതേ റിപ്പോർട്ടിലാണ് കരാർ പുതുക്കാതെ പിഎസ്‌ജിയിൽ തന്നെ തുടർന്ന് അടുത്ത സമ്മറിൽ ഫ്രീ ഏജന്റായാൽ നാൽപതു മില്യൺ യൂറോ സൈനിങ്‌-ഓൺ ഫീസായി നൽകാമെന്ന റയലിന്റെ ഓഫറിനെ കുറിച്ചും വ്യക്തമാക്കുന്നത്.

റയലിനെ സംബന്ധിച്ച് വളരെയധികം ലാഭകരമായ ഒരു നീക്കമാണ് അവർ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എംബാപ്പയെ സ്വന്തമാക്കണമെങ്കിൽ നൂറു മുതൽ നൂറ്റമ്പതു മില്യൺ വരെയുള്ള തുക ഏറ്റവും കുറഞ്ഞത് അവർ മുടക്കേണ്ടി വരും. അതിനു പകരം ഫ്രീ ട്രാൻസ്ഫറിൽ താരം ക്ലബിലേക്കെത്തിയാൽ ആകെ ചിലവാകുക എംബാപ്പക്കു നൽകേണ്ട നാൽപതു മില്യൺ യൂറോയാണ്.

അതേസമയം എംബാപ്പെ കരാർ പുതുക്കില്ലെന്ന കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്ന് പിഎസ്‌ജി പരിശീലകനായ പോച്ചട്ടിനോ വ്യക്തമാക്കിയിട്ടുണ്ട്. എംബാപ്പയും താനും തമ്മിൽ ഉണ്ടായതെല്ലാം സ്വകാര്യ സംഭാഷണങ്ങളാണെന്നും താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ യാതൊരു സാധ്യതയുമില്ലെന്നും പോച്ചട്ടിനോ വ്യക്തമാക്കി.

facebooktwitterreddit