റയൽ മാഡ്രിഡ് ഉറപ്പിച്ചു തന്നെ, ഹാലൻഡിനെയും എംബാപ്പയെയും ഒരുമിച്ച് സ്വന്തമാക്കും
By Sreejith N

വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫുട്ബോൾ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടു താരങ്ങളുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്. ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച യുവതാരങ്ങൾ എന്ന ഖ്യാതി നേടിയെടുത്ത എർലിങ് ബ്രൂട് ഹാലൻഡ്, കെയ്‌ലിൻ എംബാപ്പെ എന്നിവർ ഏതു ക്ലബുകളിലേക്കാവും ചേക്കേറുകയെന്ന ആകാംക്ഷ ആരാധകർക്കുള്ളപ്പോൾ ഈ താരങ്ങളെ സ്വന്തമാക്കാൻ യൂറോപ്പിലെ ഒട്ടുമിക്ക പ്രധാന ക്ലബുകളും രംഗത്തുണ്ട്.
അതേസമയം ഈ രണ്ടു താരങ്ങളെയും അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരുമിച്ചു സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ റയൽ മാഡ്രിഡിനുണ്ടെന്നാണ് സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ മറ്റൊരു ഗലാറ്റിക്കോ കാലഘട്ടം ആരംഭിക്കാനുള്ള നീക്കങ്ങൾ ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് തുടങ്ങുകയാണെന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്.
എർലിങ് ബ്രൂട് ഹാലൻഡിനെ പ്രീമിയർ ലീഗിൽ എത്തിക്കാനാണ് പിതാവിനു താൽപര്യമെങ്കിലും താരത്തിന് അനുയോജ്യമായത് സ്‌പാനിഷ് ലീഗാണെന്ന് ഡോർട്മുണ്ട് സിഇഒ ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഹാലൻഡിന്റെ ഏജന്റായ മിനോ റയോള റയൽ മാഡ്രിഡുമായി വലിയൊരു ഡീൽ പൂർത്തിയാക്കാൻ താൻ നീക്കങ്ങൾ നടത്തി വരുന്നുണ്ടെന്നു പറഞ്ഞതും ഇതിനൊപ്പം ചേർത്തു വായിക്കാം.
എർലിങ് ബ്രൂട് ഹാലാൻഡിനെയും എംബാപ്പയെയും ഒരുമിച്ച് സ്വന്തമാക്കാനുള്ള ശേഷി റയൽ മാഡ്രിഡിനുണ്ടെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസും അഭിപ്രായപ്പെട്ടിരുന്നു. അതിനർത്ഥം രണ്ടു താരങ്ങളെയും ഒരുമിച്ചു സ്വന്തമാക്കാൻ സാമ്പത്തികമായ യാതൊരു പ്രതിസന്ധിയും റയൽ മാഡ്രിഡിന് ഇല്ലെന്നു തന്നെയാണ്. എംബാപ്പെ ഫ്രീ ഏജന്റായാണ് ക്ലബ്ബിലേക്ക് വരികയെന്നത് ഹാലൻഡിനെ സ്വന്തമാക്കാൻ റയലിന്റെ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.
കിരീടവിജയങ്ങൾ നേടാൻ കഴിയുന്ന ഒരു ക്ലബിന്റെ ഭാഗമാവണം എന്നാണു ഹാലാൻഡിന്റെ മുന്നിലുള്ള പ്രധാന ലക്‌ഷ്യം. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മികച്ചൊരു ടീമിനെ പടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം തന്റെ സ്വപ്‌നം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുകയെന്നാണെന്നു നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള കെയ്‌ലിൻ എംബാപ്പെ അടുത്ത സമ്മറിൽ മറ്റൊരു ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
രണ്ടു താരങ്ങളെയും ഒരുമിച്ചു സ്വന്തമാക്കിയാൽ അടുത്ത പത്തു വർഷത്തേക്ക് ക്ലബിന്റെ ഭാവി സുരക്ഷിതമാവും എന്നാണു റയൽ മാഡ്രിഡ് കരുതുന്നത്. അതേസമയം ബാലൺ ഡി ഓർ അടക്കമുള്ള പുരസ്‌കാരങ്ങൾക്കായി ഒരേ ക്ലബിൽ നിന്നു പൊരുതാൻ ഈ രണ്ടു താരങ്ങളും തയ്യാറാകുമോയെന്നതും ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ടീമുകളെല്ലാം മികച്ച ഓഫറുകളുമായി രംഗത്തുണ്ടെന്നതും റയലിന്റെ മോഹങ്ങൾക്കു ഭീഷണിയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.