Football in Malayalam

സഹതാരങ്ങൾക്കും ക്ലബ് നേതൃത്വത്തിനും വിശ്വാസം നഷ്ടപ്പെട്ടു, ഹസാർഡ് വിൽക്കാനൊരുങ്ങി റയൽ മാഡ്രിഡ്

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images
facebooktwitterreddit

ബെൽജിയൻ സൂപ്പർതാരമായ ഈഡൻ ഹസാർഡിൽ റയൽ മാഡ്രിഡിലെ സഹതാരങ്ങൾക്കും ക്ലബ് നേതൃത്വത്തിനും വിശ്വാസം നഷ്ടപ്പെട്ടുവെന്നും അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിൽ നിന്നും താരത്തെയും ഒഴിവാക്കുന്ന കാര്യം റയൽ പരിഗണിക്കുന്നുണ്ടെന്നും സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നു. 2019ൽ വലിയ പ്രതീക്ഷകളോടെ വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ റയലിലെത്തി ഇതുവരെയും മികവ് കാണിക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന്റെ മനോഭാവവും റയലിലെ പലർക്കും അതൃപ്തിയുണ്ടാക്കുന്നുണ്ട്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ റയലിനു വേണ്ടി നടത്തിയ പ്രകടനം പ്രതീക്ഷ പകരുന്നതായിരുന്നെങ്കിലും മത്സരത്തിനു ശേഷം ചെൽസി സഹതാരങ്ങളുമായി തമാശ പറഞ്ഞു ചിരിക്കുന്ന ഹസാർഡിന്റെ ചിത്രം റയൽ മാഡ്രിഡിൽ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. റയൽ ആരാധകർക്കു പുറമെ സഹതാരമായ ക്വാർട്ടുവയുടെ പിതാവും ഹസാർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു.

ചെൽസിക്കെതിരായ താരത്തിന്റെ പ്രകടനത്തിൽ റയൽ സഹതാരങ്ങൾക്ക് മതിപ്പുണ്ടെങ്കിലും ഡ്രസിങ് റൂമിൽ ഹസാർഡിനുള്ള സ്വാധീനം കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയൻ താരത്തിന്റെ മാജിക്കൽ പ്രകടനം തിരിച്ചു വരുമെന്നു വിശ്വസിക്കുന്നവരും വളരെ കുറവാണ്. ബോർഡിനും താരത്തിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കെ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ലാത്തത് ആരാധക രോഷത്തിൽ നിന്നും താരത്തെ ഒരു പരിധി വരെ സംരക്ഷിക്കുന്നു.

നിലവിൽ മൂന്നു വർഷത്തെ കരാർ കൂടി റയൽ മാഡ്രിഡുമായി ഹസാർഡിനു ബാക്കിയുണ്ട്. എന്നാൽ 150 മില്യണിലധികം മുടക്കി സ്വന്തമാക്കിയ താരത്തെ ഇപ്പോൾ വിൽക്കുകയാണെങ്കിൽ അതിന്റെ പകുതി പോലും റയലിന് പ്രതീക്ഷിക്കാൻ കഴിയില്ല. അങ്ങിനെയാണെങ്കിലും, ഈ സീസണിൽ റയലിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞാൽ പോലും ഹസാർഡിന്റെ ക്ലബിലെ ഭാവിയിൽ മാറ്റമുണ്ടാകില്ലെന്നാണ് മാർക്ക വ്യക്തമാക്കുന്നത്. സിദാൻ ക്ലബിനൊപ്പം തുടർന്നാൽ മാത്രമേ ഇതിൽ മറിച്ചു പ്രതീക്ഷിക്കാൻ കഴിയൂ.


facebooktwitterreddit