പോൾ പോഗ്ബയെ തേടി റയൽ മാഡ്രിഡ് വീണ്ടും വരുന്നു, താരത്തിൽ സ്പാനിഷ് വമ്പൻമാർക്ക് താല്പര്യം

നേഷൻസ് ലീഗിൽ ഫ്രാൻസിനായി മിന്നും പ്രകടനം കാഴ്ചവെച്ച ഫ്രഞ്ച് താരം പോൾ പോഗ്ബയെ തേടി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വീണ്ടും വരുന്നു. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്ത വർഷം ഫ്രീ ഏജന്റ് ആകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വലിയ ആരാധകരാണ് റയൽ മാഡ്രിഡ്. മുൻപ് പല തവണ താരത്തിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാർ ശ്രമിച്ചിരുന്നു.
റയൽ മാഡ്രിഡ് പോഗ്ബയെ നോട്ടമിടുന്നത് പിഎസ്ജി സൂപ്പർതാരം കെയ്ലിൻ എംബാപ്പയെ സ്പാനിഷ് ക്ലബിലേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്. പോഗ്ബയുടെ വരവ് ദേശീയ ടീമംഗമായ എംബാപ്പെയെ പാരീസ് വിടാൻ പ്രേരിപ്പിക്കുന്നതിൽ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് റയൽ കരുതുന്നുണ്ടാവുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടുത്ത വർഷം ഫ്രീ ഏജന്റ് ആകുന്ന താരത്തിന്റെ കരാർ പുതുക്കുന്നതിനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കൊണ്ടിരിക്കുന്നുണ്ടെങ്കിലും, കരാർ പുതുക്കുന്നതിന് പോഗ്ബ ഇതുവരെ തയ്യാറായിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പുതുക്കേണ്ട എന്ന് പോഗ്ബ തീരുമാനിക്കുകയാണെങ്കിൽ, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് താരത്തെ പ്രീ-കോൺട്രാക്റ്റിലൂടെ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ സാധിക്കും. അതേ സമയം, പോഗ്ബ ക്ലബ് വിടുകയാണെങ്കിൽ, റയലിന് പുറമെ യുവന്റസ്, പിഎസ്ജി എന്നീ ക്ലബുകൾക്കും താരത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.