Football in Malayalam

എംബാപ്പെയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ പ്രതികരണത്തിനായി കാത്ത് റയൽ മാഡ്രിഡ്

Haroon Rasheed
Paris Saint Germain v OGC Nice - Ligue 1 Uber Eats
Paris Saint Germain v OGC Nice - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

ഏറെ കാലമായി പറഞ്ഞുകേൾക്കുന്ന ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളിലൊന്നാണ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടേത്. മൊണോക്കോയില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലെത്തിയത് മുതല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എംബാപ്പെയെ ടീമിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയും താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സമ്മറില്‍ 200 മില്യന്‍ യൂറോക്ക് എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരത്തിനായുള്ള ശക്തമായ നീക്കമാണ് റയല്‍ മാഡ്രിഡ് നടത്തുന്നത്. ഈ സീസണ്‍ അവസാനത്തോടെ പി.എസ്.ജിയുമായി കരാര്‍ അവസാനിക്കുന്ന എംബാപ്പെ, ഫ്രഞ്ച് ക്ലബ് വിടാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ലയണല്‍ മെസ്സി ടീമിലെത്തിയതും, ഫ്രഞ്ച് പരിശീലകന്‍ സിനദിന്‍ സിദാന്‍ ടീമിലെത്താനുള്ള സാധ്യതയും എംബാപ്പയുടെ മനസ്സ് മാറ്റിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂണ്‍ 30ഓടെ ഫ്രീ ഏജന്റായി മാറുന്ന 22കാരന്‍ ഫ്രഞ്ച് താരത്തെ വന്‍ ഓഫര്‍ നല്‍കി സ്വന്തമാക്കാനാണ് റയല്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. റയല്‍ മാഡ്രിഡുമായി എംബാപ്പെ ഏറെ അടുത്തെത്തിയിട്ടുണ്ടെങ്കിലും പി.എസ്.ജിയില്‍നിന്ന് ഇപ്പോഴും അനുകൂല നിലപാട് വന്നിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് റയല്‍ മാഡ്രിഡെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. എംബാപ്പെയെ ടീമിലെത്തിക്കുകയാണെങ്കില്‍ പി.എസ്.ജി തങ്ങളുടെ ഏതെങ്കിലും താരങ്ങളെ ലക്ഷ്യമിടുമെന്ന ഭയവും റയല്‍ മാഡ്രിഡിനുണ്ട്.

അതിനാല്‍ യുവതാരങ്ങളുടെ കരാറിലെല്ലാം വൻ തുക റിലീസ് ക്ലോസ് ഉൾപ്പെടുത്തി, അവരെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍ നടത്തുന്നത്. ഇതായിരുന്നു ഫെഡെ വാല്‍വര്‍ദേക്ക് ഒരു ബില്യന്‍ റിലീസ് ക്ലോസ് നല്‍കാന്‍ കാരണം. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഗോയസ് തുടങ്ങിയ താരങ്ങള്‍ക്കും ഒരു ബില്യന്‍ റിലീസ് ക്ലോസ് നല്‍കി ടീമില്‍ സുരക്ഷിതരാക്കാനുള്ള നീക്കത്തിലാണ് റയല്‍ മാഡ്രിഡ്. മാര്‍വിന്‍ പാര്‍ക്ക്, അറിബാസ്, അന്റോണിയോ ബ്ലാങ്കോ, മിഗ്വെല്‍ ഗുട്ടിറസ്, ബ്രൂണോ ഇഗ്ലസിയാസ്, മാര്‍വല്‍, റഫ മാര്‍ട്ടിന്‍ തുടങ്ങിയ അക്കാദമി താരങ്ങള്‍ക്കും വൻ തുക റിലീസ് ക്ലോസ് നല്‍കി മറ്റു ക്ലബുകളില്‍ നിന്ന് പരമാവധി സുരക്ഷിതമാക്കാനാണ് റയല്‍ മാഡ്രിഡിന്റെ നിലവിലെ നീക്കം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit