ഷാക്തർ ഡോണെറ്റ്സ്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ അറിയാം

ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. ഇന്ററിനെതിരെ 1-0ത്തിന്റെ വിജയം കരസ്ഥമാക്കിക്കൊണ്ട് 2021-2022 ചാമ്പ്യൻസ് ലീഗ് സീസൺ ആരംഭിച്ച സ്പാനിഷ് വമ്പന്മാർ, പക്ഷെ തങ്ങളുടെ രണ്ടാം മത്സരത്തിൽ താരതമ്യേന ദുർബലരായ എഫ്സി ഷെരീഫിനെതിരെ തോൽവി വഴങ്ങിയിരുന്നു. വിജയവഴികളിലേക്ക് തിരിച്ചെത്താൻ ലക്ഷ്യമിടുന്ന റയലിന്റെ അടുത്ത എതിരാളികൾ ഷാക്തർ ഡോണെറ്റ്സ്കാണ്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷെരീഫിനോട് പരാജയപ്പെടുകയും, അടുത്ത മത്സരത്തിൽ ഇന്റർ മിലാനോട് സമനില വഴങ്ങുകയും ചെയ്ത്, ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനത്തിരിക്കുന്ന ഷാക്തറിനെതിരെ വിജയിക്കാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് റയൽ മാഡ്രിഡിന് തന്നെയാണ്.
ഷാക്തറിന് എതിരെയുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന്റെ സാധ്യത ലൈനപ്പ് എങ്ങനെയാണെന്നാണ് 90min ഇവിടെ നോക്കുന്നത്.
1. ഗോൾകീപ്പർ & ഡിഫൻഡർമാർ
തിബോ കോർട്ടുവ (ഗോൾകീപ്പർ) - സീസണിൽ മികച്ച ഫോമിലുള്ള ബെൽജിയൻ താരം തന്നെയാകും ഗോൾവല കാക്കുന്നത്.
ലൂക്കാസ് വാസ്ക്വസ് (റൈറ്റ് ബാക്ക്) - ഡാനി കാർവഹാൾ പരിക്ക് കാരണം കളിക്കുന്ന കാര്യം സംശയത്തിലായതിനാൽ, ആദ്യ ഇലവനിൽ വാസ്ക്വസിന് സ്ഥാനം ഉണ്ടായേക്കും.
നാച്ചോ ഫെർണാണ്ടസ് (സെന്റർ-ബാക്ക്) - റയൽ മാഡ്രിഡിനായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം പ്രതിരോധത്തിൽ തന്റെ സ്ഥാനം നിലനിർത്തിയേക്കും.
ഡേവിഡ് അലബ (സെന്റർബാക്) - ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെ പരിക്ക് പറ്റിയെങ്കിലും, എഡർ മിലിറ്റയോയുടെ അഭാവത്തിൽ ഷാക്തറിന് എതിരെ താരം കളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിഗുവൽ ഗുട്ടിറസ് (ലെഫ്റ്റ് ബാക്) - ഫെർലാൻഡ് മെൻഡി പരിക്കിൽ നിന്ന് മുക്തനായെങ്കിലും, ഗുട്ടിറസ് ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും.
2. മധ്യനിരതാരങ്ങൾ
കാസെമിറോ (ഡിഫെൻസീവ് മിഡ്ഫീൽഡർ) - റയൽ മാഡ്രിഡ് മിഡ്ഫീൽഡിന്റെ അടിത്തറയായ കാസെമിറോക്ക് ആദ്യ ഇലവനിൽ സ്ഥാനമുണ്ടാവും.
ഫെഡറികോ വാൽവെർഡെ (സെൻട്രൽ മിഡ്ഫീൽഡ്) - കളിയുടെ തുടക്കം മുതൽ അവസാനം വരെ ഊർജസ്വലനായി ടീമിനായി പൊരുതുവാൻ കരുത്തുള്ള താരം.
ടോണി ക്രൂസ് (സെൻട്രൽ മിഡ്ഫീൽഡ്) - ലോങ്ങ് പാസ്സുകൾക്കും, ടീമിന്റെ ശൈലിയെ നിയന്ത്രിക്കാനും കഴിവുള്ള ക്രൂസ് മധ്യനിരയെ നയിച്ചേക്കും.
3. മുന്നേറ്റനിര താരങ്ങൾ
റോഡ്രിഗോ (റൈറ്റ് വിങ്) - ഗാരെത് ബെയ്ൽ, ഈഡൻ ഹസാർഡ് എന്നിവർ കളിക്കുന്ന കാര്യം സംശയത്തിലായതിനാൽ റോഡ്രിഗോക്ക് അവസരം ലഭിക്കാൻ സാധ്യതയേറെയാണ്.
കരിം ബെൻസീമ (സ്ട്രൈക്കർ) - മികച്ച ഫോമിൽ കളിക്കുന്ന ഫ്രഞ്ച് താരത്തിന് ആദ്യ ഇലവനിൽ ഇടമുറപ്പാണ്.
വിനീഷ്യസ് ജൂനിയർ (ലെഫ്റ്റ് വിങ്) - സീസണിൽ മികച്ച പ്രകടനം തുടരുന്ന താരവും ഷാക്തറിന്റെ ആദ്യ ഇലവനിൽ ഉണ്ടാവും.