Football in Malayalam

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ

By Gokul Manthara
Real Madrid CF v RC Celta de Vigo - LaLiga Santander
Real Madrid CF v RC Celta de Vigo - LaLiga Santander / Quality Sport Images/Getty Images
facebooktwitterreddit

2021-22 സീസൺ ചാമ്പ്യൻസ് ലീഗിലെ ‌തങ്ങളുടെ ആദ്യ മത്സരത്തിൽ വ്യാഴാഴ്ച പുലർച്ചെ 12.30ന് ഇന്റർമിലാനെ നേരിടാനൊരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ നടക്കാനിരിക്കുന്ന ഈ മത്സരം റയലിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികൾ നിറഞ്ഞതാവും‌. അത് കൊണ്ടു തന്നെ സാധ്യമായ ഏറ്റവും മികച്ച ടീമിനെത്തന്നെയാകും ഈ മത്സരത്തിൽ അവർ അണിനിരത്തുക.

അവസാനം കളിച്ച ലാലീഗ മത്സരത്തിൽ സെൽറ്റാ വിഗോയെ 5-2ന് തകർത്തതിന്റെയും, ലാലീഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിന്റേയും ആത്മവിശ്വാസം റയലിനുണ്ട്. ഇന്ററിനെതിരെയും ഈ കുതിപ്പ് തുടരുകയാകും അവരുടെ ലക്ഷ്യം. എന്നാൽ ഇതിന് കഠിനമായ അധ്വാനം തന്നെ സ്പാനിഷ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടി വരും.

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ സാധ്യതാ ഇലവൻ ഇങ്ങനെ

1. ഗോൾകീപ്പർമാർ & പ്രതിരോധ താരങ്ങൾ

Thibaut Courtois
Real Madrid CF v RC Celta de Vigo - LaLiga Santander / Denis Doyle/Getty Images

തിബോ കോർട്ടുവ (ഗോൾകീപ്പർ) - ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ബെൽജിയം താരം തിബോ കോർട്ടുവാ തന്നെയാകും ഇന്റർ മിലാനെതിരെയും ടീമിന്റെ വലകാക്കുക എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.

ഡാനി കർവാഹൽ (റൈറ്റ് ബാക്ക്) - പരിക്ക് വില്ലനായ കഴിഞ്ഞ സീസൺ മറക്കാം, ഡാനി കർവാഹൽ ഇക്കുറി പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതോടെ അദ്ദേഹം റയലിന്റെ റൈറ്റ് ബാക്ക് സ്ഥാനത്ത് ഇടം ഉറപ്പിച്ചു കഴിഞ്ഞു.

എഡർ മിലിറ്റാവോ (സെന്റർബാക്ക്) - റാമോസും വരാനെയും ക്ലബ്ബ് വിട്ട പശ്ചാത്തലത്തിൽ മിലിറ്റാവോക്ക് ടീമിന്റെ സെന്റർ ബാക്ക് സ്ഥാനത്ത് വലിയ ദൗത്യമാണ് ലഭിച്ചിരിക്കുന്നത്.

നാച്ചോ ഫെർണാണ്ടസ് (സെന്റർ ബാക്ക്) - സെൽറ്റക്കെതിരായ അവസാന ലാലീഗ മത്സരത്തിൽ കളിച്ച നാച്ചോ ഫെർണാണ്ടസ് ഒരിക്കൽക്കൂടി മിലിറ്റാവോക്ക് കൂട്ടായി സെന്റർ ബാക്കിൽ കളിച്ചേക്കും.

മിഗ്വൽ ഗുട്ടിറെസ് (ലെഫ്റ്റ് ബാക്ക്) - തിരക്കാർന്ന അന്താരാഷ്ട്ര ദൗത്യത്തിന് ശേഷം ടീമിലെത്തുന്ന അലാബ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിനായി കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇതോടെ പ്രതിഭാശാലിയായ മിഗ്വൽ ഗുട്ടിറസ് ടീമിന്റെ ഇടത് ബാക്ക് സ്ഥാനത്ത് ഇടം പിടിക്കാനുള്ള‌ സാധ്യത ഉയർന്ന് നിൽക്കുന്നു.

2. മധ്യനിര താരങ്ങൾ

Vinicius Junior
Real Madrid CF v RC Celta de Vigo - LaLiga Santander / Quality Sport Images/Getty Images

ഫെഡറിക്കോ വൽവർഡെ (റൈറ്റ് മിഡ്ഫീൽഡർ) - അതിവേഗം ടീമിന്റെ പ്രധാന താരങ്ങളിലൊരാൾ എന്ന നിലയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന വൽവർഡെക്ക് ഇന്ററിനെതിരെയും നിർണായക ദൗത്യം ടീമിലുണ്ടാകും.

ലൂക്ക് മോഡ്രിച്ച് (സെൻട്രൽ മിഡ്ഫീൽഡർ) - ടീമിലെ സീനിയർ താരങ്ങളിലൊരാളായ മോഡ്രിച്ച് മധ്യനിരയിൽ കളിക്കുമെന്ന കാര്യം ഉറപ്പാണ്.

കാസെമിറോ (സെൻട്രൽ മിഡ്ഫീൽഡർ) - ബ്രസീലിയൻ സൂപ്പർ താരമായ കാസിമിറോക്കും ഇന്ററിനെതിരായ മത്സരത്തിൽ റയൽ നിരയിൽ പ്രധാനപ്പെട്ട റോൾ പരിശീലകൻ കാർലോ ആൻസലോട്ടി നൽകുമെന്ന കാര്യം ഉറപ്പ്.

വിനീഷ്യസ് ജൂനിയർ (ലെഫ്റ്റ് മിഡ്ഫീൽഡർ) - സെൽറ്റാ വിഗോക്കെതിരായ അവസാന മത്സരത്തിൽ ടീമിനായി വലകുലുക്കിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന വിനീഷ്യസ് ജൂനിയർ, ഇന്ററിനെതിരെ റയൽ നിരയിൽ ഇറങ്ങുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

3. മുന്നേറ്റനിര താരങ്ങൾ

Karim Benzema
Real Madrid CF v RC Celta de Vigo - LaLiga Santander / Denis Doyle/Getty Images

ഈഡൻ ഹസാർഡ് (സ്ട്രൈക്കർ) - ലോകത്തെ ഏറ്റവും മികച്ച ആക്രമണ താരങ്ങളിലൊരാളായ ഹസാർഡിന്റെ സാന്നിധ്യം മത്സരത്തിന് മുന്നേ തന്നെ റയലിനെ ഫേവറിറ്റുകളാക്കുന്നു. പൂർണ ഫിറ്റ്നസിൽ കളിക്കുന്ന ഹസാർഡ് ലോകത്തെ ഏതൊരു ടീമിന്റെയും സ്വപ്നമാണ്.

കരിം ബെൻസേമ (സ്ട്രൈക്കർ) - കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി റയൽ മാഡ്രിഡിന്റെ ഏറ്റവും വിശ്വസ്തനായ താരമാണ് ബെൻസേമ. താരമില്ലാതെ കളിക്കുന്ന റയൽ ടീമിനെക്കുറിച്ച് സങ്കൽപ്പിക്കുന്നത് പോലും ഇപ്പോൾ അസാധ്യം. സെൽറ്റാ വിഗോക്കെതിരെ ഹാട്രിക്ക് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങാൻ ഒരുങ്ങുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit