Football in Malayalam

കെയ്‌ലിൻ എംബാപ്പെയെയും എര്‍ലിങ് ഹാളണ്ടിനെയും ടീമിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി റയല്‍ മാഡ്രിഡ്

Haroon Rasheed
Kylian Mbappe and Erling Haaland
Kylian Mbappe and Erling Haaland / Alex Grimm/GettyImages
facebooktwitterreddit

പി.എസ്.ജി താരം കെയ്‌ലിൻ എംബാപ്പെ, ബൊറൂസിയ ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ട് എന്നിവരെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങി റയല്‍ മാഡ്രിഡ്. എംബാപ്പെ ഇതുവരെ ക്ലബുമായി കരാര്‍ പുതുക്കാത്തതിനാല്‍ ഫ്രീ ട്രാന്‍ഫറില്‍ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് വമ്പന്‍മാര്‍. ഒരുപക്ഷെ ജനുവരില്‍ താരത്തെ ടീമിലെത്തിക്കുന്നതിനുള്ള ശ്രമവും റയല്‍ മാഡ്രിഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംബാപ്പെയെ ടീമിലെത്തിക്കുന്ന കാര്യം റയല്‍ മാഡ്രിഡ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഹാളണ്ടിന്റെ കാര്യത്തില്‍ സ്ഥിതി അങ്ങനെയല്ല. ഡോർട്മുണ്ടിൽ 68 മില്യന്‍ യൂറോയുടെ റിലീസ് ക്ലോസ് ഉള്ള ഹാളണ്ടിന് വേണ്ടി യൂറോപ്പിലെ പല വമ്പൻ ക്ലബുകളും രംഗത്തുണ്ട്. എന്നാൽ ഇവരെ മറികടന്ന് താരത്തെ സ്വന്തമാക്കാനുള്ള ഫേവറിറ്റുകളായി തങ്ങൾക്ക് മാറാൻ കഴിയുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

സ്പാനിഷ് മാധ്യമമായ മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം ഹാളണ്ടിന് വേണ്ടി പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകള്‍ക്കൊപ്പം സാമ്പത്തികമായി മത്സരിക്കാന്‍ റയലിന് കഴിയാത്ത സ്ഥിതിയാണ്. എന്നിരുന്നാലും, ഹാളണ്ടിന്റെ റിലീസ് ക്ലോസ് നൽകി, എംബാപ്പെക്കൊപ്പം കളിക്കാമെന്ന രീതിയില്‍ താരത്തെ പ്രലോഭിപ്പിച്ച് ടീമിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് റയല്‍.

റയല്‍ മാഡ്രിഡിന്റെ പദ്ധതികള്‍ വിജയം കാണുകയാണെങ്കില്‍ വിനീഷ്യസ് ജൂനിയറിനൊപ്പം എംബാപ്പെ, ഹാളണ്ട് തുടങ്ങിയവര്‍കൂടി എത്തുന്നതോടെ സ്പാനിഷ് ക്ലബിന്റെ മുന്നേറ്റനിര ലോകത്തിലെ ഏറ്റവും മികച്ചതിൽ ഒന്നായി മാറും.


facebooktwitterreddit