Football in Malayalam

ഗരത് ബെയില്‍ ഉള്‍പ്പെടെ ആറു താരങ്ങളെ വില്‍പ്പനക്ക് വെച്ച് റയല്‍ മാഡ്രിഡ്

Haroon Rasheed
Real Betis v Real Madrid CF - La Liga Santander
Real Betis v Real Madrid CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഒരു കാലത്ത് റയല്‍ മാഡ്രിഡിന്റെ നെടും തൂണുകളായ ആറു താരങ്ങളെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വില്‍ക്കാനൊരുങ്ങി സ്പാനിഷ് വമ്പന്‍മാര്‍. മുന്‍ കാലങ്ങളില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ കുന്തമുനയായിരുന്ന ഗരത് ബെയിലാണ് റയല്‍ മാഡ്രിഡ് വില്‍ക്കുന്ന താരങ്ങളുടെ പട്ടികയിലെ പ്രധാനി. കഴിഞ്ഞ സീസണിൽ ലോണിൽ ടോട്ടൻഹാമിൽ കളിച്ചതിന് ശേഷം തിരിച്ചെത്തിയ ബെയിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമാണ് റയലിന് വേണ്ടി ഈ സീസണിൽ കളിച്ചിട്ടുള്ളത്.

സീസണ്‍ അവസാനത്തോടെ ബെയിലിന്റെ കരാര്‍ തീരുന്നതിനാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിന് വരുന്ന ഓഫറുകൾ പരിഗണിക്കാനാണ് റയലിന്റെ തീരുമാനമെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു. റയല്‍ മാഡ്രിഡിന്റെ നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായ ബെയില്‍ 100 ഗോളുകളിലധികം ക്ലബിന് വേണ്ടി നേടിയിട്ടുണ്ടെങ്കിലും താരത്തിന് ഇപ്പോള്‍ ആന്‍സലോട്ടിക്ക് കീഴില്‍ കാര്യമായ റോള്‍ ഇല്ലാത്ത അവസ്ഥയാണ്.

ബെയിലിന് പുറമെ ഇസ്‌കോയും ഇതേ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. സീസണില്‍ ടീമില്‍ കാര്യമായ റോളില്ലാത്ത ഇസ്‌കോക്ക് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വരുന്ന ഓഫറുകളും റയല്‍ മാഡ്രിഡ് പരിഗണിക്കുമെന്നാണ് വിവരം. സീസണില്‍ അഞ്ചു മത്സരങ്ങളിൽ മാത്രം കളിച്ച മാഴ്‌സലോയും വിൽക്കുന്ന കാര്യം റയലിന്റെ പരിഗണനയിൽ ഉണ്ട്. അങ്ങനെയാണെങ്കില്‍ ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന മാഴ്‌സലോ 16 വര്‍ഷത്തെ സേവനത്തിന് ശേഷമായിരിക്കും സാന്റിയാഗോ ബെര്‍ണബ്യൂ വിടുക.

മരിയാനോ ഡയസ്, ലൂക്കാ ജോവിച്ച്, ഏഡന്‍ ഹസാര്‍ഡ് എന്നിവർ ആൻസലോട്ടിയുടെ പദ്ധതിയുടെ ഭാഗമാണെങ്കിലും, ഇവരെ സ്വന്തമാക്കാൻ താല്പര്യമുള്ള ക്ലബുകളോട് ചർച്ച നടത്താൻ റയൽ മാഡ്രിഡ് തയ്യാറാണെന്ന് മാർക്കയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit