റൂഡിഗറെ നിലനിറുത്താനുള്ള ചെൽസിയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ല; താരത്തെ സ്വന്തമാക്കാമെന്ന ശുഭാപ്തിവിശ്വാസത്തിൽ റയൽ

Wolverhampton Wanderers v Chelsea - Premier League
Wolverhampton Wanderers v Chelsea - Premier League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ചെല്‍സിയുടെ ജർമൻ പ്രതിരോധ താരം അന്റോണിയോ റൂഡിഗര്‍ സമ്മര്‍ ട്രാന്‍സഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടാനുള്ള സാധ്യതകൾ ഏറുന്നു. താരത്തെ ടീമില്‍ നിലനിറുത്താൻ ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, കരാർ പുതുക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും ഇല്ലെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി ടെലഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആഴ്ചയിൽ 140000 പൗണ്ട് വേതനം ലഭിക്കുന്ന കരാറാണ് ചെൽസി റൂഡിഗറിന് ഓഫർ ചെയ്‌തത്‌. എന്നാല്‍ റൂഡിഡർ ഇതിന്റെ ഇരട്ടിയാണ് ബ്ലൂസിനോട് ആവശ്യപ്പെട്ടത്.

സീസണ്‍ അവസാനത്തോടെ ചെൽസിയുമായുള്ള കരാർ അവസാനിക്കുന്ന റൂഡിഗറിനെ സ്വന്തമാക്കന്‍ ജര്‍മന്‍ കരുത്തന്‍മാരായ ബയേണ്‍ മ്യൂണിക്കും ലാലിഗ വമ്പന്മാരായ റയല്‍ മാഡ്രിഡും രംഗത്തുണ്ട്.

റൂഡിഗറെ ടീമിലെത്തിക്കാമെന്ന ശുഭാപ്തിവിശ്വാസം റയൽ മാഡ്രിഡിനും, ജർമൻ താരത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ സ്വന്തമാക്കുമെന്ന് ലോസ് ബ്ലാങ്കോസ് താരങ്ങൾ വിശ്വസിക്കുന്നതായും ഇംഗ്ലീഷ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ചെല്‍സി വിടുന്നതിന്റെ വക്കിലെത്തിയ റൂഡിഗറെ പിടിച്ച് നിര്‍ത്തിയത് പുതിയ പരിശീലന്‍ തോമസ് ടുഷലായിരുന്നു. ടുഷലിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ജർമൻ താരം, നിലവിലെ ചെൽസി ടീമിലെ നിർണായക സാന്നിധ്യങ്ങളിൽ ഒന്നാണ്.

2017ല്‍ ഇറ്റാലിയന്‍ ക്ലബായ എ.എസ് റോമയില്‍ നിന്നായിരുന്നു റൂഡിഗർ ചെല്‍സിയിലെത്തിയത്. ചെൽസിക്കായി ഇത് വരെ 166 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള താരത്തിന്റെ ഭാവി വരും ആഴ്ചകളിലും മാസങ്ങളിലും കൂടുതൽ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.