റാഫേൽ വരാനെയുടെ ട്രാൻസ്ഫർ ചർച്ചകൾക്കിടെ വിനീഷ്യസ് ജൂനിയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഓഫർ ചെയ്ത് റയൽ മാഡ്രിഡ്


ബ്രസീലിയൻ മുന്നേറ്റനിര താരമായ വിനീഷ്യസ് ജൂനിയറെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരം. ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനെയുടെ ട്രാൻസ്ഫർ ചർച്ചകൾക്കിടെ വിനീഷ്യസ് ജൂനിയറിനെ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തമാക്കാമെന്ന ഓഫർ നൽകിയെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണു പുറത്തു വിട്ടത്.
അടുത്ത സീസണിലേക്കായി റയൽ മാഡ്രിഡ് നോട്ടമിടുന്ന പ്രധാന താരം എംബാപ്പയാണു. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന റയൽ മാഡ്രിഡിന് ഇത്തവണ വലിയൊരു തിരിച്ചുവരവിന് എംബാപ്പയെ പോലുള്ള ഒരു സൂപ്പർ താരത്തിന്റെ സാന്നിധ്യം അനിവാര്യവുമാണ്. ഇതിനു വേണ്ടിയുള്ള തുക കണ്ടെത്താനും പ്രതിഫല വ്യവസ്ഥകൾ ക്രമീകരിക്കാനും വേണ്ടിയാണ് റയൽ ബ്രസീലിയൻ താരത്തെ ഒഴിവാക്കാൻ താൽപര്യപ്പെടുന്നത്.
Real Madrid are desperate to land Kylian Mbappe and are having to offload players to fund the sensational deal... ?
— SPORTbible (@sportbible) July 17, 2021
Vinicius Jr ➡️ Manchester United is a serious possibility ?https://t.co/9T3VdBptz8
വിനീഷ്യസിനെ ഒഴിവാക്കാൻ റയൽ മാഡ്രിഡിനു താൽപര്യമുണ്ടെങ്കിലും അത് ചെറിയൊരു തുകയുടെ ട്രാൻസ്ഫറിൽ ഒതുക്കാനവർ തയ്യാറല്ല. എഴുപതു മില്യൺ യൂറോയോളമാണ് ഇരുപത്തിയൊന്നുകാരനായ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് ആവശ്യപ്പെടുന്നത്. വിനീഷ്യസിൽ താൽപര്യമുണ്ടെങ്കിലും ഇത്രയും വലിയ തുക നിലവിലെ സാഹചര്യത്തിൽ അപ്രാപ്യമായതിനാൽ ലോൺ കരാറിൽ താരത്തെ ടീമിലെത്തിക്കാൻ കഴിയുമോയെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പരിഗണിക്കുന്നത്.
കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ടീമിലുണ്ടായിരുന്ന വിനീഷ്യസിനു പക്ഷെ റയൽ മാഡ്രിഡിന്റെ തീരുമാനത്തിൽ നിരാശയുണ്ട്. പുതിയ പരിശീലകനായി എത്തിയ കാർലോ ആൻസലോട്ടിയുടെ പദ്ധതികളുടെ ഭാഗമായിരുന്നിട്ടും റയൽ മാഡ്രിഡ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് താരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
അതേസമയം റാഫേൽ വരാനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. താരവും പ്രീമിയർ ലീഗ് ക്ലബും തമ്മിൽ അഞ്ചു വർഷത്തെ കരാറിനു ധാരണയായെങ്കിലും ട്രാൻസ്ഫർ ഫീസ് അടക്കമുള്ള കാര്യങ്ങളിൽ ക്ലബുകൾ തമ്മിൽ തീരുമാനമാവാത്തതാണ് ട്രാൻസ്ഫർ വൈകിപ്പിക്കുന്നത്.