'ജനുവരിയിൽ എംബാപ്പയെക്കുറിച്ചൊരു വാർത്തയുണ്ടാവും' - റയൽ ആരാധകരെ ആവേശത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പെരസ്


ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കെയ്ലിയൻ എംബാപ്പ റയൽ മാഡ്രിഡിൽ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു എങ്കിലും, സ്പാനിഷ് ക്ലബിന്റെ ഓഫറുകൾ പിഎസ്ജി തള്ളിയതോടെ അതു നടന്നില്ല. എന്നാൽ ഈ സീസണോടെ പിഎസ്ജിയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്ന താരം അടുത്ത സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം എംബാപ്പയുടെ റയൽ മാഡ്രിഡ് ട്രാൻസ്ഫർ എന്തായാലും സംഭവിക്കുന്ന ഒന്നാണെന്നു തന്നെയാണ് റയൽ മാഡ്രിഡ് പരിശീലകനായ ഫ്ലോറന്റീനോ പെരസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എൽ ഡിബേറ്റയോട് സംസാരിക്കുമ്പോൾ "ജനുവരിയിൽ എംബാപ്പയെക്കുറിച്ചൊരു വാർത്ത കേൾക്കാൻ കഴിയും. എല്ലാം ജനുവരിയിൽ തന്നെ പരിഹരിക്കും എന്നു കരുതുന്നു," എന്നാണു റയൽ മാഡ്രിഡ് മേധാവി പറഞ്ഞത്.
He has responded to the Frenchman's comments. https://t.co/Y0RnmmydLJ
— MARCA in English (@MARCAinENGLISH) October 5, 2021
അതേസമയം പെരസിന്റെ വാക്കുകൾ ഫുട്ബോൾ ലോകത്ത് പെട്ടന്നു പടർന്നു പിടിച്ചതോടെ അദ്ദേഹം അതിൽ വിശദീകരണം നൽകി രംഗത്തെത്തി. "എന്റെ വാക്കുകൾ തെറ്റായ രീതിയിൽ വിശകലനം ചെയ്യപ്പെട്ടു. താരത്തിൽ നിന്നും എന്തെങ്കിലും കേൾക്കണമെങ്കിൽ അടുത്ത വർഷം വരെ കാത്തിരിക്കണം എന്നാണു ഞാൻ പറഞ്ഞത്. ഞങ്ങൾക്ക് നല്ല ബന്ധമുള്ള പിഎസ്ജിയോടുള്ള ബഹുമാനം എപ്പോഴുമുണ്ടാകും," പെരസ് പറഞ്ഞു.
അതേസമയം ജൂലൈയിൽ തന്നെ താൻ പിഎസ്ജി വിടാനുള്ള താൽപര്യം അറിയിച്ചിരുന്നുവെന്നും ഫ്രാൻസ് വിട്ടാൽ താൻ റയൽ മാഡ്രിഡിലേക്കു തന്നെയാണ് ചേക്കേറാൻ തീരുമാനിച്ചിരുന്നത് എന്നും എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അടുത്ത സമ്മറിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിന്റെ ഭാഗമാക്കുകയെന്ന വലിയ നേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്.