റയൽ മാഡ്രിഡ് തനിക്കു വേണ്ടി ചിലവഴിച്ച തുകക്ക് പകരം വെക്കുന്ന പ്രകടനം നടത്തുമെന്ന് ഈഡൻ ഹസാർഡ്


ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്കുള്ള ഈഡൻ ഹസാർഡിന്റെ ട്രാൻസ്ഫർ താരം ഏറെ ആഗ്രഹിച്ചതായിരുന്നു എങ്കിലും രണ്ടു സീസൺ കഴിഞ്ഞിട്ടും അതിന് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നതു വ്യക്തമാണ്. തുടർച്ചയായ പരിക്കുകളും ഫോം നഷ്ടവും മൂലം റയൽ മാഡ്രിഡിനൊപ്പം മികവു കാണിക്കാൻ കഴിയാതിരുന്ന താരം ഈ സീസണിൽ അതിനെല്ലാം പകരം വെക്കുന്ന പ്രകടനം നടത്താൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
"റയൽ മാഡ്രിഡ് എനിക്കു വേണ്ടി വളരെ വലിയ തുകയാണ് ചിലവഴിച്ചത്. അതിനു പകരം നൽകേണ്ടത് എന്റെ ആവശ്യമാണ്." നിലവിൽ ബെൽജിയൻ ടീമിനൊപ്പമുള്ള താരം എച്ച്എൽഎന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Eden Hazard is ready to give back to Real Madrid ? pic.twitter.com/6cQmYV8dkg
— Goal (@goal) September 1, 2021
"ഞാൻ അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ആദ്യത്തെ രണ്ടു വർഷങ്ങൾ ഗുണം ചെയ്തില്ലെങ്കിലും എനിക്കു തെളിയിക്കാൻ മൂന്നു വർഷങ്ങൾ ഇനിയും ബാക്കിയുണ്ട്. അതു നടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ മൂല്യം എന്താണെന്നു തെളിയിക്കാൻ കഴിയുന്ന ഒരു അവസരത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്." ഹസാർഡ് വ്യക്തമാക്കി.
എല്ലായിപ്പോഴും പരിക്കു പറ്റുന്ന ഒരു താരമെന്നു തനിക്കു പേരു വീണതിനെ കുറിച്ചും ഹസാർഡ് സംസാരിച്ചു. "എനിക്കെല്ലാ സമയത്തും പരിക്കാണെന്ന് ആളുകൾ പറയുന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ എന്റെ കരിയർ മുഴുവൻ എടുത്തു നോക്കിയാൽ പത്തു വർഷത്തിൽ എന്റത്രയും മത്സരങ്ങൾ കളിച്ച മറ്റൊരു താരം ഉണ്ടായിരിക്കില്ല." ഹസാർഡ് പറഞ്ഞു.
റയൽ മാഡ്രിഡിൽ ഈ സീസണിലും ഹസാർഡിനു കഴിവു തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലബിനൊപ്പമുള്ള താരത്തിന്റെ കരിയർ അതോടെ അവസാനിക്കാനാണ് സാധ്യത. അടുത്ത സമ്മറിൽ റയൽ കെയ്ലിയൻ എംബാപ്പക്കു വേണ്ടി ശ്രമം നടത്തുമെന്നിരിക്കെ ഫ്രഞ്ച് താരത്തിനു വേണ്ടി ഹസാർഡിനു വഴി മാറേണ്ടി വന്നേക്കാം.