റയൽ മാഡ്രിഡിനെതിരെ നടപടിയെടുക്കണം, എംബാപ്പക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ രോഷാകുലനായി പിഎസ്‌ജി ഡയറക്റ്റർ

Sreejith N
Rennes v Paris Saint Germain - Ligue 1 Uber Eats
Rennes v Paris Saint Germain - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നടത്തുന്ന ചരടുവലികളിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ലിയനാർഡോ. എംബാപ്പയെക്കുറിച്ച് റയൽ മാഡ്രിഡ് നിരന്തരം മാധ്യമങ്ങളോട് സംസാരിക്കുകയും ഫ്രഞ്ച് താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്യുന്നതിനാൽ അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലിയനാർഡോ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. 220 മില്യൺ യൂറോ വരെ അവർ ഓഫർ ചെയ്‌തെങ്കിലും പിഎസ്‌ജി അത് സ്വീകരിക്കാൻ തയ്യാറായില്ല. അതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റയൽ മാഡ്രിഡ് പ്രസിഡന്റ് കരിം ബെൻസിമ, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, മുന്നേറ്റനിര താരം ബെൻസിമ എന്നിവരെല്ലാം എംബാപ്പയെക്കുറിച്ച് സംസാരിച്ചതാണ് ലിയനാർഡോയുടെ അമർഷത്തിനു പ്രധാന കാരണം.

"മാഡ്രിഡിലുള്ളവർ ഇക്കാര്യം നിഷേധിക്കുകയാണെങ്കിലും എംബാപ്പയെ കുറച്ചു കാലമായി എംബാപ്പയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവർ രണ്ടു വർഷമായി എംബാപ്പയെക്കുറിച്ച് പരസ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നു, അതു ശിക്ഷിക്കപ്പെടേണ്ട ഒന്നാണ്. റയൽ താരങ്ങളും പരിശീലകനും ബോർഡുമെല്ലാം എംബാപ്പയെക്കുറിച്ച് സംസാരിച്ചത് ഒരു പദ്ധതിയുടെ ഭാഗമായാണ്, അതു ബഹുമാനം അർഹിക്കുന്നതല്ല." ഗസറ്റ ഡെല്ല സ്പോർട്ടിനോട് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് റയൽ പ്രസിഡറന് ഫ്ലോറന്റീനോ പെരസ് എംബാപ്പെ ട്രാൻസ്‌ഫറിനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരണം നടത്തിയതിനു പിന്നാലെ റയൽ മാഡ്രിഡ് ബഹുമാനക്കുറവ് കാണിക്കുന്നുവെന്ന വിമർശനവുമായി രംഗത്തു വന്ന ലിയനാർഡോ ഇത്തവണ കുറച്ചു കൂടി കടുത്ത ഭാഷയിലാണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. താരവുമായി പുതിയ കരാർ ഒപ്പിടാൻ പിഎസ്‌ജി നടത്തുന്ന ശ്രമങ്ങളെ റയലിന്റെ ഇത്തരം പ്രതികരണങ്ങൾ വിഫലമാക്കുമെന്നതു തന്നെയാണ് ഈ വിമർശനത്തിന്റെ പ്രധാനകാരണം.

facebooktwitterreddit