അർജന്റീനിയൻ യുവതാരമായ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രംഗത്ത്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-BRA
FBL-WC-2022-SAMERICA-QUALIFIERS-ARG-BRA / JUAN MABROMATA/GettyImages
facebooktwitterreddit

റിവർപ്ളേറ്റിൽ കളിക്കുന്ന അർജന്റീനിയൻ യുവതാരമായ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഇരുപത്തിയൊന്നുകാരനായ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് രംഗത്തുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയാണ് റിപ്പോർട്ടു ചെയ്യുന്നത്.

ഈ സീസണിൽ പതിനാറു മത്സരങ്ങൾ റിവർപ്ളേറ്റിനു വേണ്ടി കളിച്ചിട്ടുള്ള ജൂലിയൻ അൽവാരസ് പതിനഞ്ചു ഗോളുകളും ആറു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരസിന്റെ ചെറുപ്പത്തിൽ വളരെ ചുരുങ്ങിയ കാലം താരം റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചിലവഴിച്ചിട്ടുണ്ടെന്നതും കൗതുകകരമായ കാര്യമാണ്.

ഒരു മാസമാണ് അൽവാരസ് ചെറുപ്പത്തിൽ റയൽ മാഡ്രിഡിൽ ചെലവഴിച്ചതെന്ന് താരത്തിന്റെ ജന്മദേശമായ കാൽച്ചിനിലെ മേയർ പറഞ്ഞു. ലയണൽ മെസി ബാഴലോണയിലേക്ക് ചേക്കേറുന്ന സമയത്തുണ്ടായിരുന്ന അതെ നിയന്ത്രണങ്ങളാണ് ഇപ്പോഴും ഉള്ളതെങ്കിൽ അൽവാരസ് റയൽ മാഡ്രിഡ് താരമായി തുടരുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിലെ മികച്ച പ്രകടനം കൊണ്ട് അർജന്റീന ടീമിലും ഇടം നേടിയ അൽവാരസ് യുറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പകരക്കാരനായി ഇടം നേടിയിരുന്നു. അർജന്റീന യോഗ്യത ഉറപ്പിച്ചതിനാൽ ഇനി വരുന്ന മത്സരങ്ങളിൽ താരത്തിന് കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

വിങ്ങറായും സ്‌ട്രൈക്കറായും കളിക്കാൻ കഴിയുന്ന ജൂലിയൻ അൽവാരസ് നിലവിൽ അർജന്റീന ഫുട്ബോളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള താരമാണ്. റയൽ മാഡ്രിഡിനു പുറമെ യുവന്റസ്. എസി മിലാൻ, അത്ലറ്റികോ മാഡ്രിഡ് എന്നിവരും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.


facebooktwitterreddit