Football in Malayalam

അടുത്ത സീസണിൽ ഇസ്‌കോ ബാഴ്‌സലോണയിൽ കളിക്കും, താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയെന്നു റിപ്പോർട്ടുകൾ

Sreejith N
Levante UD v Real Madrid CF - La Liga Santander
Levante UD v Real Madrid CF - La Liga Santander / Aitor Alcalde Colomer/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് മധ്യനിരതാരമായ ഇസ്‌കോ അടുത്ത സമ്മറിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നു റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിൽ അവസരങ്ങളില്ലാത്ത ഇരുപത്തിയൊൻപതു വയസുള്ള താരവും ബാഴ്‌സലോണയും തമ്മിൽ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ധാരണയിലെത്തിയതായി പ്രമുഖ സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോയാണ് പുറത്തു വിട്ടത്.

കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകനായി എത്തിയതിനു ശേഷം ഇസ്കോക്ക് ക്ലബിൽ അവസരങ്ങൾ തീർത്തും കുറവാണ്. ഈ സീസണിൽ വെറും ഒൻപതു മത്സരങ്ങൾ മാത്രം കളിച്ച ഇസ്‌കോയുടെ കരാർ ഈ സീസൺ കഴിയുന്നതോടെ പൂർത്തിയാകും. സാമ്പത്തിക പ്രതിസന്ധി മൂലം ഫ്രീ ഏജന്റായ താരങ്ങളിൽ ലപോർട്ട കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇസ്കോയെയും ബാഴ്‌സലോണ നോട്ടമിടുന്നത്.

വിങ്ങുകളിലും സെൻട്രൽ മിഡ്‌ഫീൽഡിലും സ്‌ട്രൈക്കറുടെ പിന്നിലും കളിക്കാൻ കഴിയുന്ന താരമായ ഇസ്‌കോ ബാഴ്‌സ ട്രാൻസ്‌ഫർ പൂർത്തിയാക്കിയാൽ 2007നു ശേഷം ഈ രണ്ടു ക്ലബുകൾക്കിടയിലെ ആദ്യത്തെ ട്രാൻസ്‌ഫർ ആയിരിക്കുമത്. അർജന്റീനിയൻ താരമായ ഹാവിയർ സാവിയോളയാണ് അവസാനം ഇരു ക്ലബുകൾക്കും ഇടയിൽ നടന്ന ട്രാൻസ്‌ഫർ.

കരിയർ പരിശോധിച്ചാൽ റയൽ മാഡ്രിഡിനൊപ്പം നിരവധി നേട്ടങ്ങളിൽ പങ്കാളിയായിട്ടുള്ള താരമാണ് ഇസ്‌കോ. 346 മത്സരങ്ങൾ ക്ലബിനായി കളിച്ച് രണ്ടു ലാ ലിഗ കിരീടവും ഒരു കോപ്പ ഡെൽ റേയും നാല് ചാമ്പ്യൻസ് ലീഗും ഇസ്‌കോ ലോസ് ബ്ലാങ്കോസിനൊപ്പം നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit