സെൽറ്റ വിഗോക്കെതിരായ റയലിന്റെ വിജയത്തിൽ പ്രതികരിച്ച് ആൻസലോട്ടി, ഒരു കാര്യത്തിൽ മെച്ചപ്പെടണമെന്നു നിർദ്ദേശം

Sreejith N
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

സെൽറ്റ വിഗോക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ രണ്ടു തവണ പിന്നിലായതിനു ശേഷം തിരിച്ചടിച്ച് റയൽ മാഡ്രിഡ് സ്വന്തമാക്കിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകനായ കാർലോ ആൻസലോട്ടി. ആദ്യ പകുതിയിൽ തന്നെ സെൽറ്റ വീഗൊ രണ്ടു തവണ മുന്നിലെത്തിയെങ്കിലും കരിം ബെൻസിമയുടെ ഹാട്രിക്കും വിനീഷ്യസ് ജൂനിയർ, അരങ്ങേറ്റം കുറിച്ച കമവിങ്ങ എന്നിവരുടെ ഗോളുകളുമാണ് റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്.

"ഹസാർഡ്, ബെൻസിമ, വിനീഷ്യസ്, ബെൻസിമയുടെ ഗോളിന് മനോഹരമായ ക്രോസ് നൽകിയ മിഗ്വൽ ഗുട്ടിറസ് എന്നിവരടങ്ങിയ ടീം ആക്രമണത്തിൽ വളരെയധികം നിലവാരം കാഴ്‌ച വെക്കുന്നു. പ്രതിരോധത്തിൽ മാത്രമാണ് ടീം ശക്തമല്ലാത്തത്, അതു ടീമിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ മെച്ചപ്പെടുത്തണം.

"എന്നാൽ ആരാധകർ ഞങ്ങളെ വളരെയധികം സഹായിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ സെൽറ്റക്ക് ഗോളുകൾ ദാനം ചെയ്‌തെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ കളിച്ച താരങ്ങൾ രണ്ടാം പകുതിയിൽ ഗംഭീര പ്രകടനം നടത്തി." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ആൻസലോട്ടി പറഞ്ഞു.

ഡേവിഡ് അലബ, എഡ്വേർഡ് മെൻഡി എന്നിവർ ഇല്ലാതിരുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്നു പറഞ്ഞ ആൻസലോട്ടി ബ്രസീലിയൻ താരം വിനീഷ്യസിന്റെ പ്രകടനത്തെ പ്രത്യേകം പരാമർശിച്ചു. വളരെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം നടത്തുന്ന താരം ടീമിനെ ആക്രമണത്തിൽ വളരെയധികം സഹായിക്കുന്നുണ്ടെന്നും ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും ആൻസലോട്ടി അഭിപ്രായപ്പെട്ടു.

വളരെ നാളുകൾക്കു ശേഷം സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ ആരാധകർ ആവേശക്കടൽ തീർത്തുവെന്നും ആൻസലോട്ടി പറഞ്ഞു. പതിനഞ്ചു ദിവസം മുൻപ് ഈ സ്റ്റേഡിയം കണ്ടപ്പോൾ ഇതിൽ കളിക്കാനാകുമെന്ന് കരുതിയില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി ഇതു മാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗംഭീര വിജയത്തോടെ റയൽ മാഡ്രിഡാണ് ഇപ്പോൾ ലാ ലീഗയിൽ മുന്നിൽ നിൽക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ അഞ്ചു ഗോളുകളും നാല് അസിസ്റ്റുകളും നേടിയ ബെൻസിമ രണ്ടു പട്ടികയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. നാല് ഗോളുകൾ നേടിയ വിനീഷ്യസ് ഗോൾവേട്ടക്കാരിൽ രണ്ടാമതുണ്ട്.

facebooktwitterreddit