എംബാപ്പയെ സ്വന്തമാക്കാനുള്ള റയലിന്റെ നീക്കങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചു പ്രതികരിച്ച് ആൻസലോട്ടി

Sreejith N
Paris Saint-Germain v Clermont Foot 63 - Ligue 1
Paris Saint-Germain v Clermont Foot 63 - Ligue 1 / John Berry/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിൽ നിന്നും ഫ്രഞ്ച് മുന്നേറ്റനിര താരമായ കെയ്‌ലിയൻ എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചു പ്രതികരിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. പിഎസ്‌ജിയുമായി ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കുന്ന എംബാപ്പക്കു വേണ്ടി 220 മില്യൺ യൂറോയോളം റയൽ വാഗ്‌ദാനം ചെയ്‌തെങ്കിലും പിഎസ്‌ജി അതു നിഷേധിച്ച് താരത്തെ നിലനിർത്തുകയായിരുന്നു.

റയൽ മാഡ്രിഡിനു വേണ്ടി കളിക്കാനുള്ള ആഗ്രഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള താരമാണ് കെയ്‌ലിയൻ എംബാപ്പെ. ക്ലബിന്റെ പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് കുറച്ചു കാലമായി നോട്ടമിട്ടിരിക്കുന്ന താരത്തെ ഈ സമ്മറിലും ടീമിന്റെ ഭാഗമാക്കാൻ റയലിന് കഴിഞ്ഞില്ല. എന്നാൽ ഫ്രഞ്ച് ഫോർവേഡ് ടീമിലെത്താത്തതിൽ തനിക്ക് നിരാശയില്ലെന്നാണ് ആൻസലോട്ടി പറയുന്നത്.

"എനിക്ക് യാതൊരു നിരാശയും തോന്നിയിട്ടില്ല. എന്നാൽ ഒരു മികച്ച കളിക്കാരനായ അദ്ദേഹത്തിന് ഞാനെല്ലാ ഭാവുകങ്ങളും നേരുന്നു. ഞങ്ങൾക്ക് വളരെ കരുത്തുറ്റ സ്‌ക്വാഡ് സ്വന്തമായുണ്ട്." സെൽറ്റ വിഗോക്കെതിരായ ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.

ടോട്ടനം ഹോസ്‌പറിലെ ലോൺ കരാർ കഴിഞ്ഞു തിരിച്ചെത്തിയ ഗാരത് ബേൽ ഫോം വീണ്ടെടുത്തതിനെ കുറിച്ചും ആൻസലോട്ടി സംസാരിച്ചു. "നല്ലൊരു തുടക്കം ലഭിച്ച താരം അതു നിലനിർത്തണം. ഇനിയും മെച്ചപ്പെടാൻ കഴിയുന്ന താരം മികച്ച ഫോമിലാണെന്നാണ് കരുതുന്നത്. ദേശീയ ടീമിനൊപ്പമുള്ള എല്ലാവരുടെ പ്രകടനവും ഞാൻ വിലയിരുത്തേണ്ടതുണ്ട്." ആൻസലോട്ടി വ്യക്തമാക്കി.

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം സ്വന്തമാക്കിയ കമവിങ്ങ അടുത്ത മത്സരത്തിൽ കളിക്കാൻ ടീമിനൊപ്പം ഉണ്ടാകുമെങ്കിലും കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ആൻസലോട്ടി നൽകുന്ന സൂചനകൾ. ഇതുവരെ മൂന്നു മത്സരങ്ങൾ ലാ ലിഗയിൽ കളിച്ച റയൽ രണ്ടു ജയവും ഒരു സമനിലയുമാണ് നേടിയത്.

facebooktwitterreddit