2023ഓടെ ജൂഡ് ബെല്ലിങ്ഹാമിനെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ്

2023ഓടെ ബൊറൂസിയ ഡോര്ഡ്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനെ ടീമിലെത്തിക്കാൻ റയല്‍ മാഡ്രിഡ്. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിലും ഇംഗ്ലണ്ട് ദേശീയ ടീമിലും മികച്ച പ്രകടനം നടത്തുന്ന 18കാരനെ യൂറോപ്പിലെ വമ്പന്മാര് ലക്ഷ്യമിടുന്നുണ്ട്.
2023ൽ ദീര്‍ഘകാലാടിസ്ഥാനത്തില്‍ താരത്തെ ടീമിലെത്തിക്കാൻ റയല്‍ മാഡ്രിഡ് ഒരുക്കമാണെന്നാണ് ബിൽഡ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവില്‍ 36 വയസുകാരനായ ലൂക്ക മോഡ്രിച്ച്, 32കാരനായ ടോണി ക്രൂസ്, 30 വയസുള്ള കസമിറോ എന്നിവരാണ് റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ പ്രധാനതാരങ്ങള്‍. ഭാവിയിലേക്ക് ടീമിനെ ഒരുക്കുന്ന റയലിൽ 23കാരനായ ഫെഡെ വാൽവെർഡെയും, 19കാരനായ എഡ്വാർഡോ കമവിങ്ങയും ഉണ്ട്. അക്കൂട്ടത്തിലേക്ക് ബെല്ലിങ്ഹാമിനെ കൂടി ചേർക്കാനാണ് റയൽ ഒരുങ്ങുന്നത്.
2023ല്‍ ബെല്ലിങ്ഹാമിനെ ടീമിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ റയല്‍ മാഡ്രിഡ് ഇപ്പോൾ തന്നെ കരാർ ചർച്ചകൾ തുടങ്ങുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേ സമയം, 2025വരെ ഡോര്‍ട്മുണ്ടുമായി കരാറുള്ള ബെല്ലിങ്ഹാമിനെ എളുപ്പത്തില്‍ റയലിന് സ്വന്തമാക്കാന്‍ കഴിയില്ല. 100 പൗണ്ടിന് അടുത്തെങ്കിലും താരത്തിന് വേണ്ടി റയല്‍ മാഡ്രിഡ് ചിലവാക്കേണ്ടിവരും. ഡോര്‍ട്മുണ്ടില്‍ അത്യുഗ്രന്‍ പ്രകടനം പുറത്തെടുക്കുന്ന ബെല്ലിങ്ഹാം ഇംഗ്ലീഷ് ദേശീയ ടീമിന്റെയും കരുത്താണ്. ഇംഗ്ലണ്ടിന് വേണ്ടി 11 മത്സരങ്ങളില്‍ ബൂട്ടുകെട്ടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതേ സമയം, വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കുകയാണ് റയലിന്റെ പ്രാധാന ലക്ഷ്യം. ബെല്ലിങ്ഹാമിന്റെ ഡോർട്മുണ്ട് സഹതാരമായ എർലിങ് ഹാളണ്ടിലും റയലിന് താല്പര്യമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.