ലാ ലിഗക്കെതിരെ നിയമയുദ്ധം സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്, നീക്കം ടെബാസിനും സിവിസി കരാറിനുമെതിരെ


ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസിനും അടുത്തിടെ ലീഗ് നേതൃത്വം സ്ഥിരീകരിച്ച, 2.7 ബില്യൺ യൂറോ നിക്ഷേപം സ്പാനിഷ് ലീഗിൽ നടത്തുന്ന സിവിസി കരാറിനുമെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്. ഓഗസ്റ്റ് നാലിനാണ് സ്വകാര്യ കമ്പനിയായ സിവിസി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗുകളിൽ ഒന്നായ ലാ ലിഗയുടെ പത്തു ശതമാനം ഓഹരി അവകാശം ഈ കരാറിലൂടെ സ്വന്തമാക്കിയത്.
ലാ ലിഗയുടെ ഫസ്റ്റ് ടയർ മുതൽ താഴേക്കുള്ള ലീഗുകൾക്കും വനിതകളുടെ ലീഗിനും ക്ലബുകൾക്കുമെല്ലാം വലിയ തുക ഇതിന്റെ ഭാഗമായി ലഭിക്കുമെങ്കിലും കരാറിലെ അവ്യക്തതകളും ക്ലബുകളെ ദൂരവ്യാപകമായി ബാധിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി റയൽ മാഡ്രിഡും ബാഴ്സലോണയും തുടക്കം മുതൽ തന്നെ ഈ കരാറിനെ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടികൾ സ്വീകരിക്കുമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Official Announcement.#RealMadrid
— Real Madrid C.F. ???? (@realmadriden) August 10, 2021
ഇന്നു നടന്ന റയൽ മാഡ്രിഡിന്റെ ഡയറക്റ്റർ ബോർഡ് യോഗം ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസിനെതിരെയും സിവിസി ഫണ്ടിന്റെ ഹെഡായ ഹാവിയർ ഡി ജയ്മേ ഗുയ്ജാറോക്കും സിവിസി ക്യാപിറ്റൽ ഫണ്ട് കമ്പനിക്കുമെതിരെ സിവിൽ ആൻഡ് ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടു പോവാൻ ഐക്യകണ്ഠമായി തീരുമാനിച്ചുവെന്ന് റയൽ മാഡ്രിഡിന്റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇതുകൂടാതെ ലാ ലിഗയും സിവിസി ഫണ്ടുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12നു നടക്കാനിരിക്കുന്ന ലാ ലീഗ അസംബ്ലി അംഗീകരിക്കാൻ സാധ്യതയുള്ള ഏതൊരു പ്രമേയവും അസാധുവാക്കാനും നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചുവെന്നും റയൽ മാഡ്രിഡിന്റെ പ്രസ്താവന പറയുന്നു. പുതിയ കരാറിനെതിരെ ശക്തമായി തന്നെ മുന്നോട്ടു പോകാനാണ് റയൽ മാഡ്രിഡിന്റെ തീരുമാനമെന്ന് ഈ പ്രസ്താവനകൾ വ്യക്തമാക്കുന്നു.
ക്ലബിന്റെ മൂല്യങ്ങളെയും നിലനിൽപ്പിനെയും തുരങ്കം വെക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് സിവിസി കരാർ ബാഴ്സലോണയും റയൽ മാഡ്രിഡും അംഗീകരിക്കാത്തത്. സിവിസി കരാർ അംഗീകരിച്ചാൽ ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്സക്ക് അവസരം ഒരുങ്ങുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്ന സമയത്താണ് കാറ്റലൻ ക്ലബ് അതിനെതിരെ രംഗത്തു വന്നതെന്നു ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.