Football in Malayalam

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് വീണ്ടും നടത്തിയതിനെ അപകീർത്തികരമെന്നു വിശേഷിപ്പിച്ച് റയൽ മാഡ്രിഡ്

Sreejith N
Palladium Hotel Group Is New Sponsor Of Real Madrid Basketball Team
Palladium Hotel Group Is New Sponsor Of Real Madrid Basketball Team / Samuel de Roman/GettyImages
facebooktwitterreddit

വളരെയധികം വിവാദങ്ങളുയർത്തിയ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പിൽ തങ്ങളുടെ കടുത്ത അതൃപ്‌തി റയൽ മാഡ്രിഡ് പ്രകടിപ്പിച്ചുവെന്നു റിപ്പോർട്ടുകൾ. ഒരു തവണ നറുക്കെടുപ്പ് നടത്തിയതിൽ സാങ്കേതികമായ പിഴവുകൾ സംഭവിച്ചതിനെ തുടർന്ന് ഡ്രോ വീണ്ടും നടത്തിയതിനെ അപകീർത്തികരമെന്നാണ് റയൽ മാഡ്രിഡ് വിശേഷിപ്പിച്ചതെന്ന് പ്രമുഖ കായികമാധ്യമമായ ഗോൾ സ്ഥിരീകരിക്കുന്നു.

സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ചു നടന്ന റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് ആദ്യം പൂർത്തിയായപ്പോൾ റയൽ മാഡ്രിഡിനു പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയായിരുന്നു എതിരാളികൾ. എന്നാൽ സാങ്കേതികമായ പിഴവുകൾ ചൂണ്ടിക്കാട്ടി യുവേഫയോട് ക്ലബുകൾ പരാതിപ്പെട്ടതിനെ തുടർന്ന് നറുക്കെടുപ്പ് വീണ്ടും നടത്തിയപ്പോൾ പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയെയാണ് റയൽ മാഡ്രിഡിനു മറികടക്കേണ്ടത്.

വിയ്യാറയലും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീ ക്വാർട്ടറിൽ എതിരാളികളായി വന്നതു മുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ എട്ടുമുട്ടിയ ടീമുകൾ പ്രീ ക്വാർട്ടറിൽ എതിരാളികളായി വരാൻ പാടില്ലെന്നിരിക്കെയാണ് ഇരുവരും തമ്മിലുള്ള മത്സരം നറുക്കെടുപ്പിലൂടെ വന്നത്. ഇതു പരിഹരിച്ചപ്പോൾ വിയ്യാറയലിനു മാഞ്ചസ്റ്റർ സിറ്റിയെയാണ് എതിരാളികളായി ലഭിച്ചത്.

അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കിട്ടിയവരുടെ പോട്ടിലേക്കു പോകേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. തൽഫലമായി അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികളെ തിരഞ്ഞെടുക്കുന്ന സമയത്ത് പോട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബോൾ ഇല്ലായിരുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവേഫക്ക് പരാതി നൽകിയതിനെ തുടർന്നാണ് നറുക്കെടുപ്പ് വീണ്ടും നടത്താൻ തീരുമാനമായത്.

എന്നാൽ പഴയ ഡ്രോ തന്നെ നിലനിൽക്കണമെന്നും വീണ്ടും നറുക്കെടുപ്പ് നടത്താൻ കഴിയില്ലെന്നുമുള്ള നിലപാടാണ് പെരെസ് അടക്കമുള്ള റയൽ മാഡ്രിഡ് നേതൃത്വം എടുത്തതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ വന്ന ഈ പിഴവ് സൂപ്പർ ലീഗ് ടൂർണമെന്റ് നടപ്പിൽ വരുത്താൻ പെരസിനു കൂടുതൽ ഊർജ്ജം പകരുമെന്നും അവർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit